വാർധക്യത്തിൽ അധികം രോഗങ്ങൾ വരാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ..

08:00 AM Apr 28, 2025 | Kavya Ramachandran

ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിച്ചിരിക്കാനും വാർധക്യത്തിൽ അധികം രോഗങ്ങൾ വരാതിരിക്കാനും നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മെ സഹായിച്ചേക്കാം. പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. ആരോഗ്യകരമായ വാർധക്യത്തെ സഹായിക്കുന്ന 10 പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


എക്‌സ്ട്രാ വിർജിൻ ഒലീവ് ഓയിൽ: ഹെൽത്തി ഫാറ്റും ആന്റീ ഓക്‌സിഡന്റുകളുമുളള എണ്ണയാണ് ഒലീവിന്റെത്. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും എക്‌സ്ട്രാ വിർജിൻ ഒലീവ് ഓയിൽ ഗുണം ചെയ്യും.

ഗ്രീൻ ടീ: ഗ്രീൻ ടീയിൽ ആന്റീ ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന അൺസ്റ്റേബിൾ തന്മാത്രകളെ ചെറുക്കാൻ സഹായിക്കുന്നു. EGCG, കാറ്റെച്ചിനുകൾ, ഗാലിക് ആസിഡ് തുടങ്ങിയ പോളിഫൈനുകൾ ഹൃദ്രോഗവും വിട്ടുമാറാത്ത മറ്റു രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. സൂര്യപ്രകാശം, മലിനീകരണം മൂലമുളള കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഗ്രീൻ ടീക്കാവും. ആരോഗ്യകരമായ ചർമ്മത്തിനും മൊത്തത്തിലുളള ശരീരത്തിന്റെ ആരോഗ്യത്തിനും ഭക്ഷണത്തിൽ ആന്റി ഓക്‌സിഡന്റുകൾ ഉൾപ്പെടുത്തുന്നതിനായുളള മികച്ച മാർഗമാണ് ഗ്രീൻ ടീ.

ഫാറ്റി ഫിഷ്: സാൽമൺ പോലുളള കൊഴുപ്പുളള മത്സ്യങ്ങൾ ആരോഗ്യമുളള ചർമ്മത്തിന് വളരെ ഉത്തമമാണ്. ഒമേഗ-3 ഫാറ്റുകളാൽ സമ്പന്നമായ മത്സ്യങ്ങൾ കഴിക്കുന്നത് ചർമ്മസംരക്ഷണത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും നല്ലതാണ്. സാൽമണിൽ അസ്റ്റാക്‌സാന്തിൻ എന്ന ആന്റീ ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്തും. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുളളതിനാൽ ഇത് ശരീരത്തെ കൊളാജൻ, എലാസ്റ്റിൻ എന്നിവ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. മുറിവുകൾ വേഗത്തിൽ ഉണങ്ങാനും ഇവ സഹായിക്കും. കൂടാതെ സാൽമണിൽ സെലിനിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.


ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ഫ്‌ളേവനോളുകൾ ഉൾപ്പെടെയുളള പോളിഫൈനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ ആന്റീ ഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ഫ്‌ളേവനോളുകൾ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഓർമ്മ പ്രശ്‌നങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും വാർധക്യം മന്ദഗതിയിലാക്കാനും ഇവ സഹായിച്ചേക്കാം. ഫ്‌ളേവനോൾ അടങ്ങിയ കൊക്കോ പാനീയങ്ങൾ കുടിക്കുന്നവർക്ക് ചർമ്മം പെട്ടെന്ന് ചുളുങ്ങുന്നത് കുറവാകുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.