2024 ലെ അവസാനത്തെ ശനിയാഴ്ച്ച കണ്ണൂരിൽ പുഴ തട്ടിയെടുത്തത് മൂന്ന് പേരുടെ ജീവൻ

10:56 PM Dec 28, 2024 | Desk Kerala

കണ്ണൂര്‍ : കണ്ണൂരിന് തീരാ ദു:ഖം സമ്മാനിച്ചു  കൊണ്ട് 2024 ലെ അവസാനത്തെ ശനിയാഴ്ച്ചമൂന്ന് ജീവനുകൾ കൂടി പുഴകവർന്നു. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലാണ് ഒരു കുട്ടി ഉൾപ്പെടെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. കേളകം കുണ്ടേരി ആഞ്ഞലികയത്തിൽ യുവാവും വള്ളിത്തോട് ചരള്‍ പുഴയില്‍ കുട്ടി ഉൾപ്പെടെ രണ്ടു പേരും മുങ്ങിമരിച്ചത് ജില്ലയ്ക്ക്  ഞെട്ടലായി മാറി. നെല്ലിക്കുന്ന് സ്വദേശി ശാസ്താംകുന്നേൽജെറിൾ ജോസഫാ (27) ണ് ആഞ്ഞലികയത്തിൽ മരിച്ചത്. 

കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. ഇരിട്ടിവള്ളിത്തോട് ചരള്‍ പുഴയിലാണ് നാലാം ക്ളാസ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടു പേർ മുങ്ങിമരിച്ചത്. കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ യുവാവും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് അതിദാരുണമായി മരിച്ചത്.  വയലില്‍ പൊല്ലാട്ട്  വിന്‍സന്റ് (42) അയല്‍ വാസിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍വിന്‍ കൃഷ്ണ (9) എന്നിവരാണ് മരിച്ചത്. 

 ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മരണമടഞ്ഞ വിന്‍സന്റിന്റെ   ചരലുള്ള സഹോദരി ജെസിയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. വിന്‍സന്റിന്റെ അമ്മ മറിയാമ്മ ജെസിയുടെ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്.  അമ്മയുടെ പരിചരണത്തിന് സഹോദരിയേ സഹായിക്കാനാണ് വിന്‍സെന്റ് ചരളിലുള്ള വീട്ടില്‍ ഒരാഴ്ച്ച മുന്‍മ്പെ എത്തിയത്. വിന്‍സന്റിന്റെ ചികിത്സയിലുള്ള അമ്മയെ കാണുന്നതിനാണ്  അയല്‍വാസിയായ സുലേഖയും മകന്‍ ആല്‍വിന്‍ കൃഷ്ണയും  ശനിയാഴ്ച ഉച്ചയ്ക്ക് ജെസിയുടെ വീട്ടില്‍ എത്തുന്നത്. 

മൂന്നുമണിയോടെ വിന്‍സന്റും ആല്‍വിന്‍ കൃഷ്ണയും ജെസിയുടെ മകന്‍ ആല്‍ബിനും ചേര്‍ന്ന് കാറില്‍ ചരള്‍ പുഴ കാണാനായി  പുഴക്കരയിലെത്തി. ആല്‍ബിന്‍ പുഴക്കരയില്‍ ഇരുന്നു. വിരുന്നുകാരനായി എത്തിയ ആല്‍വിന്‍ കൃഷ്ണ വെള്ളത്തിലൂടെ നടക്കുന്നതിനിടയില്‍  പുഴയില്‍ ചുഴിയില്‍ പെടുകയായിരുന്നു. 

ആല്‍വിന്‍ കൃഷ്ണ മുങ്ങുന്നത് കണ്ട്  അവനെ രക്ഷിക്കാന്‍ ഇറങ്ങിയ വിന്‍സന്റും ചുഴിയില്‍ പെട്ട് മുങ്ങിത്താണു. കരയ്ക്കിരുന്ന ആല്‍ബിന്‍ ബഹളം വെച്ച് വീട്ടിലേക്ക് ഓടുന്നത് കണ്ട് ഓടികൂടിയ  നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത് ഉടന്‍തന്നെ ഇരിട്ടിയിലെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.  

മരിച്ച വിന്‍സന്റ് അവിവാഹിതനാണ്. ജെസ്സി .റോയ് എന്നിവര്‍ സഹോദരങ്ങളാണ്. പളളിക്കുന്ന് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആല്‍വിന്‍ കൃഷ്ണ കണ്ണൂര്‍ കൊറ്റാളിക്കാവിന് സമീപത്തെ  ചെറിയേടത്ത് സുലേഖയുടെയും രാജേഷിന്റെയും മകനാണ്. ഡിഗ്രി വിദ്യാര്‍ത്ഥി  അലന്‍ കൃഷ്ണ സഹോദരനാണ്.