ഇന്ത്യയൊട്ടുക്കും വിദേശത്തുമുള്ള മലയാളികൾ ഒരുപോലെ ആഘോഷിക്കുന്ന ദിവസം കൂടിയാണ് ഓണം. അതിനാൽ തന്നെ ഓണദിനത്തിൽ ആശംസയറിയിച്ച് വരുന്നവരിൽ മലയാളികൾ അല്ലാത്ത മറ്റു സംസ്ഥാനക്കാരും സെലിബ്രിറ്റികളുമുണ്ടാകും.
പലരും ഓണം ആഘോഷിക്കുന്ന മല്ലൂസിനൊപ്പം കൂടുകയോ, ഓണക്കോടിയണിഞ്ഞ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവക്കുകയോ ഒക്കെ ചെയ്യുന്നത് സാധാരണമാണ്.
എന്നാൽ, ഓണാശംസയുമായി എത്തിയ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇത്തവണ മലയാളികളുടെ വക പൊങ്കാലയാണ് കിട്ടിയത്. ഓണാശംസകൾ എന്ന ക്യാപ്ഷനോടെ വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോ അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. എന്നാൽ, ഓണം കഴിഞ്ഞ് എട്ട് ദിവസത്തോളം ആയപ്പോഴാണ് പോസ്റ്റ് ഇട്ടതെന്ന് മാത്രം. ഇതോടെ ആശംസകൾക്ക് ലവ് ഇമോജി നൽകുന്നതിനൊപ്പം പൊങ്കാല കൂടി ഇട്ടാണ് മലയാളികൾ കമന്‍റ് ബോക്സ് നിറച്ചത്.
‘ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാാർ’.. എന്നാണ് ഒരാൾ കമന്‍റിട്ടത്. മറ്റൊരാൾ, ‘ഇത്ര പെട്ടന്ന് തന്നെ ആശംസ ഇടണോ? ഇനിയും ഒരു വർഷം കൂടി ഉണ്ട്’ – എന്ന രസകരമായ കമന്‍റും പങ്കുവച്ചു. താങ്കൾക്കും ഓണാശംസകൾ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ എന്നും ഒരുപാട് പേർ പറയുന്നുണ്ട്. ഒരാൾ പറയുന്നത് ബച്ചൻ ഇപ്പോൾ, ഫ്രാൻസിൽ ആണെന്നും അവിടെ ഓണം കഴിഞ്ഞിട്ടില്ല എന്നുമാണ്. പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ എന്നാണ് ഒരാളുടെ കമന്‍റ്.
‘അധികം ഒന്നുമില്ല, ഒരാഴ്ച മാത്രമേ ലേറ്റ് ആയിട്ടുള്ളൂ’ എന്നും ഷെഡ്യൂൾ ചെയ്തപ്പോ തെറ്റിയതാകും എന്നും കമന്‍റകളുണ്ട്. എന്നാൽ പൊങ്കാലക്കിടയിലും തിരിച്ച് ആശംസ പറയാനും പ്രിയപ്പെട്ട നടന്‍റെ ആരോഗ്യത്തെ പറ്റി അന്വേഷിക്കാനും മലയാളികൾ മറന്നിട്ടില്ല.