ഉള്ളി അരിയുമ്പോൾ കണ്ണീര് വരുന്നത് ഇതുകൊണ്ടാണ്

01:50 PM Jul 07, 2025 | Kavya Ramachandran

ഉള്ളി മണ്ണിനടിയിൽ വളരുന്നതാണ്. അതുകൊണ്ട് കീടങ്ങൾ കടിക്കുകയും മറ്റ് ജീവികൾ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രകൃതി ഉള്ളിയ്ക്ക് ഒരു പ്രതിരോധ സംവിധാനം നൽകിയിട്ടുണ്ട്.

ഉള്ളിയുടെ കോശങ്ങൾ അരിയുകയോ മുറിക്കപ്പെടുകയോ ചെയ്യുമ്പോൾ ഒരു കൂട്ടം പ്രതിപ്രവർത്തനങ്ങൾ ആരംഭിക്കുകയും 'സിൻ- പ്രൊപ്പനേത്തിയൻ എസ് ഓക്‌സൈഡ്' എന്ന പുതിയ സംയുക്തം ഉണ്ടാവുകയും ചെയ്യും. ഇത് കണ്ണിലെ ജലപാളിയുമായി കോൺടാക്ട് ഉണ്ടാകുന്നതോടെ നേരിയ സൾഫ്യൂരിക് ആസിഡ് ഉണ്ടാകും. ഇങ്ങനെയാണ് കണ്ണ് എരിയുന്നത്. ഇത് മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ഉണ്ടാകുന്നുണ്ട്.

ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാതിരിക്കാൻ എന്ത് ചെയ്യാം

ഉളളി തണുപ്പിക്കാം

ഉള്ളി അരിയുന്നതിന് മുൻപ് ഏകദേശം 30 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക. കാരണം തണുത്തിരിക്കുമ്പോൾ രാസ പ്രവർത്തനത്തിന് കാരണമാകുന്ന എൻസൈമുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കും.

മൂർച്ചയുള്ള കത്തി ഉപയോഗിക്കുക

മൂർച്ചയുള്ള കത്തി ഉപയോഗിക്കുമ്പോൾ അത് സൂക്ഷ്മമായി എളുപ്പത്തിൽ അരിയാനും, അത് രാസ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു. മൂർച്ചയില്ലാത്ത കത്തി ഉള്ളിയുടെ കോശങ്ങളെ തകർക്കുന്നു. ഇത് കൂടുതൽ എൻസൈമുകളും സൾഫ്യൂരിക് സംയുക്തങ്ങളും പുറത്തുവിടാൻ കാരണമാകുന്നു.ഇത് മൂലമാണ് കണ്ണുകളിൽ നിന്ന് വെള്ളം വരുന്നത്.

നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി പ്രയോഗം

കട്ടിംഗ് ബോർഡിൽ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം അരിഞ്ഞാൽ കട്ടിംഗ് ബോർഡിലെ PH മാറ്റാൻ കഴിയും. ഇത് എൻസൈം പ്രവർത്തനത്തെ തടസപ്പെടുത്തുകയും ഉളളിയുടെ പ്രതിപ്രവർത്തനം കുറയ്ക്കുകയും ചെയ്യും.