
സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വര്‍ധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍. ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ സമര സമിതിയുടെ യോഗം ഇന്ന് ചേരും.
പ്രതിദിനം 33 രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു. 264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലില്‍ ആശമാരുടെ സമരം.
ജനപ്രീയ ബജറ്റുകളെ തോല്‍പ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമ പെന്ഷന് 400 രൂപ കൂട്ടിയതടക്കം വമ്പന്‍ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ക്ഷേമ പെന്ഷന് 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കി. നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കാനുള്ള തീരുമാനവും കൈയ്യടി നേടുന്നതാണ്. പ്രതി വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ സ്കോളര്‍ഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരക്, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡി എ കൂടി എല്ലാവര്ക്കും അനുവദിച്ചു.