+

'അവര്‍ക്ക് മാത്രം പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേകതരം കണ്ണാടി ഉപയോഗിക്കുന്നതുകൊണ്ട്'; അടൂരിനെതിരെ ഡോ.ബിജു

ദളിത്, സ്ത്രീ വിഭാഗങ്ങളെ അധിക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം.

സിനിമാ കോണ്‍ക്ലേവില്‍ ദളിത്, സ്ത്രീ വിഭാഗങ്ങളെ അധിക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം. അവര്‍ക്ക് മാത്രം സിനിമ ചെയ്യണമെങ്കില്‍ മൂന്ന് മാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് അവരെ നോക്കിക്കാണാന്‍ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യാതൊരു പരിശീലനവും ഇല്ലാതെ സര്‍ഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാര്‍ക്ക് ഈ നാട്ടില്‍ സിനിമ ചെയ്യാമെങ്കില്‍ , അതേപോലെ തന്നെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും വനിതകള്‍ക്കും ഈ നാട്ടില്‍ സിനിമ ചെയ്യാം . അത് അത്രമേല്‍ സ്വാഭാവികമായ ഒന്നാണ് . അല്ലാതെ അവര്‍ക്ക് മാത്രം സിനിമ ചെയ്യണമെങ്കില്‍ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാന്‍ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ്.


എന്ന്

യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകള്‍ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മുപ്പതിലധികം അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഒരു സംവിധായകന്‍

സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു

Trending :
facebook twitter