ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ തിരിച്ചറിയാനുള്ള ശേഷി ഏറ്റവും പുതിയ ജിപിടി-5 ചാറ്റ്‌ബോട്ടിനുണ്ടെന്ന് ഓപ്പണ്‍എഐയുടെ അവകാശവാദം. ആരോഗ്യ സംരക്ഷണ മേഖലയിൽ ശ്രദ്ധേയമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ ജിപിടി-5-നാകുമെന്നാണ് വിലയിരുത്തലുകള്‍. രോഗനിര്‍ണയം, ചികിത്സാ നിര്‍ദ്ദേശം തുടങ്ങിയവയില്‍ അവിശ്വസനീയമാംവിധം കൃത്യത പുത്തന്‍ ചാറ്റ്‌ബോട്ടിനുണ്ട് എന്നാണ് അനുമാനം.
മെച്ചപ്പെടുത്തിയ കഴിവുകൾ
ചാറ്റ്‍ജിപിടി-5ന്‍റെ ലോഞ്ച് പരിപാടിയിൽ ജിപിടി-5ന്‍റെ ഏറ്റവും മികച്ച കഴിവുകളിൽ ഒന്നായി ആരോഗ്യ വിശകലനങ്ങളെ ഓപ്പൺഎഐ എടുത്തുകാണിച്ചു. ആരോഗ്യ വിലയിരുത്തലുകളിൽ മുൻ മോഡലുകളെയെല്ലാം മറികടക്കുന്ന മികവാണ് ജിപിടി-5 കാഴ്ചവെച്ചക്കുന്നതെന്ന് ഓപ്പണ്‍എഐ അവകാശപ്പെടുന്നു. ദൈനംദിന വൈദ്യോപദേശത്തിനായി ഉപയോക്താക്കൾ ചാറ്റ്‍ജിപിടി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് മനസിൽവച്ചുകൊണ്ട്, ഏറ്റവും പുതിയ GPT-5 മോഡലിൽ ആരോഗ്യ ആശങ്കകൾ മനസിലാക്കുന്നതിനുള്ള മികച്ച ഫീച്ചറുകള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. 250-ലധികം ഫിസിഷ്യൻമാരുടെ സഹായത്തോടെയാണ് ഈ പരിശോധനകൾ ജിപിടി-5ല്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സങ്കീർണ്ണമായ മെഡിക്കൽ ചോദ്യങ്ങൾ കൈകാര്യം ചെയ്യാനും കൃത്യമായ വിവരങ്ങൾ നൽകാനും ജിപിടി-5 മോഡലിന് സാധിക്കും എന്ന് ഓപ്പൺഎഐ പറയുന്നു. മോഡലുമായുള്ള ഇടപെടലിൽ ഉപയോക്താവ് നല്‍കുന്ന വിവരങ്ങള്‍ ആശ്രയിച്ച്, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ ആശങ്കകൾ പോലും ചാറ്റ് ജിപിടി-5ന് തിരിച്ചറിയാനാകുമെന്നാണ് അവകാശവാദം.
കരോലിന എന്ന സ്‍ത്രീയുടെ കഥ
ലൈവ് പ്രസന്‍റേഷന് ഇടയിൽ, ഒരു കടുത്ത ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു സ്‍ത്രീയുടെ പ്രചോദനാത്മകമായ കഥയും ഓപ്പൺഎഐ പങ്കുവച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നുതരം ക്യാന്‍സര്‍ കണ്ടെത്തിയ കരോലിന എന്ന വ്യക്തിയുടെ കഥയാണിത്. പരിഭ്രാന്തിയുടെ നിമിഷത്തിൽ, അവർ സഹായം തേടി ചാറ്റ്ജിപിടിയെ സമീപിച്ചു. സങ്കീർണ്ണമായ മെഡിക്കൽ പദപ്രയോഗങ്ങൾ നിറഞ്ഞ തന്‍റെ ബയോപ്‍സി റിപ്പോർട്ട് കരോലിന ഈ മോഡലിൽ കോപ്പി പേസ്റ്റ് ചെയ്തു. ഈ റിപ്പോർട്ട് ഇംഗ്ലീഷിലേക്ക് ഉടൻ വിവർത്തനം ചെയ്യപ്പെട്ടു. ജിപിടി നല്‍കിയ ഫലം ഇത് അവരുടെ ഉത്കണ്ഠ ലഘൂകരിക്കുക മാത്രമല്ല, എന്താണ് അവർ നേരിടുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.
ആരോഗ്യാവസ്ഥയിലെ അപ്‌ഡേറ്റുകള്‍ മനസിലാക്കുന്നതിനും ഡോക്‌ടർമാരോടുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതിനും തന്‍റെ ചികിത്സാ യാത്രയിൽ ഉടനീളം കരോലിന ചാറ്റ്‍ജിപിടി ഉപയോഗിക്കുന്നത് തുടർന്നു. റേഡിയേഷന് വിധേയമാക്കുന്നതിന് മുമ്പ് ആ ചികിത്സാരീതിയെ കുറിച്ച് വിശദമായി മനസിലാക്കാന്‍ ജിപിടി-5 അവരെ സഹായിച്ചു. ഈ ഘട്ടങ്ങളിൽ തന്‍റെ പരിചരണത്തിൽ GPT-5 സജീവമായി സഹായിച്ചതായി കരോലിന പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടുകളിലെ വിവരങ്ങൾ വ്യാഖ്യാനിക്കാനും അടുത്ത ഘട്ടങ്ങൾ നിർദ്ദേശിക്കാനുമുള്ള മോഡലിന്‍റെ കഴിവിനെ അവർ എടുത്തുപറഞ്ഞു. തന്നെ ഇത് അവിശ്വസനീയമാംവിധം ശാക്തീകരിച്ചതായും എന്നും കരോലിന വ്യക്തമാക്കി.
ഒരു സെർച്ച് എഞ്ചിനോ ചാറ്റ്‌ബോട്ടോ എന്നതിലുപരി, സന്ദർഭം മനസിലാക്കാനും ചിന്താശേഷിയുള്ള ഒരു പങ്കാളിയെപ്പോലെ കാര്യങ്ങളെ ബന്ധിപ്പിക്കാനുമുള്ള കഴിവാണ് GPT-5 നെ സവിശേഷമാക്കുന്നതെന്ന് ഓപ്പൺഎഐ അവകാശപ്പെടുന്നു. അതേസമയം, ജിപിടി-5 ഒരു മെഡിക്കൽ ഉപകരണമോ ഡോക്‌ടർമാർക്ക് പകരമോ അല്ലെന്ന് ഓപ്പൺഎഐ തന്നെ ഊന്നിപ്പറയുന്നു. ക്യാന്‍സറുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും ഡോക്യുമെന്‍റേഷനുകളിലും സഹായിക്കുന്നതിൽ ചാറ്റ്‍ജിപിടി കഴിവ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, സമഗ്രമായ ക്ലിനിക്കൽ വിലയിരുത്തലിന് ഇത് പകരമാവില്ല. അതേസമയം സങ്കീർണ്ണമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ രോഗികള്‍ പിന്തുണയും, ആരോഗ്യ സാക്ഷരതയ്ക്കുള്ള ടൂളായും ജിപിടി-5 മാറുമെന്നാണ് ഓപ്പണ്‍എഐയുടെ പ്രതീക്ഷ.