ന്യൂഡല്‍ഹി: സിപിഎം രാജ്യസഭാ അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിനെ പാകിസ്ഥാന്‍ ഭീകരത വിദേശ രാജ്യങ്ങളില്‍ തുറന്നുകാട്ടാനുള്ള സംഘത്തിലും ഉള്‍പ്പെടുത്തിയത് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ലഭിച്ച വലിയ ബഹുമതി.
സുപ്രധാന വിഷയങ്ങളിലും ബില്ലുകളിലും രാജ്യസഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗങ്ങളാണ് ബ്രിട്ടാസിനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. കേരളത്തിനുവേണ്ടിയും പൊതു താത്യപര്യത്തിനുമായി ബ്രിട്ടാസ് നടത്തിയ പല പ്രസംഗങ്ങളും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു.
2021 ഏപ്രില്‍ 24 മുതല്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ ബ്രിട്ടാസ്, തന്റെ ആദ്യ പ്രസംഗം മുതല്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനവും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസംഗം, രാജ്യസഭാ ചെയര്‍മാനും അന്നത്തെ ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പ്രശംസിക്കുകയും ചെയ്തു.
പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ ഡാറ്റ പ്രകാരം, ബ്രിട്ടാസിന്റെ രാജ്യസഭയിലെ സാന്നിധ്യം 94% ആണ്. ദേശീയ ശരാശരി 80% മാത്രമാണ്. 410 ചോദ്യങ്ങള്‍ ഉന്നയിക്കുകയും 16 ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്, ഇവ രണ്ടും ദേശീയ, സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ്.
2024 സെപ്റ്റംബര്‍ മുതല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കമ്മിറ്റിയിലും ഒക്ടോബര്‍ മുതല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമാണ് ബ്രിട്ടാസ്. കൂടാതെ, വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്മിറ്റി, ഐടി ഉപദേശക സമിതി എന്നിവയിലും അദ്ദേഹം അംഗമാണ്.
2025 മേയ് 4-ന് സിപിഎം രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ബ്രിട്ടാസിനെ നിയമിച്ചു. ഇത് പാര്‍ട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ പ്രാധാന്യവും വിശ്വാസ്യതയും വ്യക്തമാക്കുന്നു. 2023-ല്‍, ബ്രിട്ടാസിന്റെ സജീവ പാര്‍ലമെന്ററി ഇടപെടലുകള്‍ക്ക് ലോക്മത് പാര്‍ലമെന്ററി അവാര്‍ഡ് ലഭിച്ചിരുന്നു. സിപിഎമ്മിന്റെ രണ്ടാമത്തെ എംപിക്ക് മാത്രം ലഭിച്ച അംഗീകാരമാണ്. 'ഓപ്പറേഷന്‍ സിന്ദൂര്‍'ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലും സിപിഎമ്മിനെ പ്രതിനിധീകരിച്ച് ബ്രിട്ടാസാണ് പങ്കെടുത്തത്.