+

പഹൽഗാം ആക്രമണം: ‘സ്ത്രീകൾ ഭര്‍ത്താക്കന്മാരുടെ ജീവനുവേണ്ടി പൊരുതണമായിരുന്നു’; വിവാദ പരാമർശവുമായി ബിജെപി നേതാവ്

പഹൽഗാം  ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ നടത്തുന്ന വിവാദ പ്രസ്താവനകൾ തുടരുന്നു. ബിജെപിയുടെ രാജ്യസഭാ എം പിയായ രാംചന്ദര്‍ ജാംഗ്രയുടെ പ്രസ്താവനയാണ് പഹൽഗാമിനെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്

പഹൽഗാം  ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ നടത്തുന്ന വിവാദ പ്രസ്താവനകൾ തുടരുന്നു. ബിജെപിയുടെ രാജ്യസഭാ എം പിയായ രാംചന്ദര്‍ ജാംഗ്രയുടെ പ്രസ്താവനയാണ് പഹൽഗാമിനെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്. ഭീകരവാദികൾ ആക്രമിച്ച സന്ദര്‍ഭത്തില്‍ അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ ജീവനുവേണ്ടി യാചിക്കുന്നതിനുപകരം അക്രമികളോട് പൊരുതണമായിരുന്നു എന്നാണ് എംപിയുടെ പരാമര്‍ശം.

“വനിതാ വിനോദസഞ്ചാരികൾ തിരിച്ചു പൊരുതണമായിരുന്നു. ഇത് ജീവനാശം കുറയ്ക്കുമായിരുന്നു. എല്ലാ വിനോദസഞ്ചാരികളും അഗ്നിവീർ ആയിരുന്നെങ്കിൽ അവർ തീവ്രവാദികളെ നേരിടുകയും ഒടുവിൽ മരണസംഖ്യ കുറയുകയും ചെയ്യുമായിരുന്നു” – രാംചന്ദര്‍ ജാംഗ്ര പറഞ്ഞു. ദേവി അഹല്യബായി ഹോൾക്കർ ജയന്തിയുടെ ഭാഗമായി നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവേയാണ് ജംഗ്ര വിവാദപരാമർശങ്ങൾ നടത്തിയത്.

സ്ത്രീകള്‍ അഹല്യഭായിയെ പോലെയോ റാണി ലക്ഷ്മിഭായിയെ പോലെയോ ധൈര്യത്തോടെ ഭീകരരോട് എതിരിട്ടെങ്കില്‍ മരണസംഘ്യ കുറയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈകൂപ്പി യാചിക്കുന്നതൊന്നും ഭീകരര്‍ക്ക് മുന്നില്‍ വിലപ്പോകില്ലെന്നും ജാംഗ്ര പറഞ്ഞു. ഭീകരതയുടെ ഇരകളെ അപമാനിക്കുന്നതിന് തുല്യമായ പരാമർശങ്ങൾ നടത്തിയതിന് നിശിത വിമർശനമാണ് ജാംഗ്ര നേരിടുന്നത്.

സമാജ്‍വാദിയും കോൺഗ്രസും അടക്കമുള്ള നിരവധി പ്രതിപക്ഷപാർട്ടി നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനു മുൻപ് മധ്യപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് വിജയ് ഷായും പഹൽഗാം ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പ്രവർത്തിച്ച സൈനികക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തി വെട്ടിലായിരുന്നു. ഏപ്രിൽ 22 നാണ് 26 പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്.

facebook twitter