ഒട്ടാവ : 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രിയും ലിബറൽ പാർട്ടി നേതാവുമായ മാർക്ക് കാർണി. ജമ്മു കശ്മീരിലെ ഭീകരാക്രമണം ഞെട്ടിച്ചെന്ന് മാർക്ക് കാർണി എക്സിൽ കുറിച്ചു.
നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളെയും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തത് അർഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയും ആണ്. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിൻറെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു -മാർക്ക് കാർണി വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടുന്ന ജി7 കൂട്ടായ്മയിലെ അംഗരാജ്യമായ കാനഡ ഭീകരാക്രമണത്തിൽ മൗനം പാലിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭീകരാക്രമണം നടന്ന് 30ലേറെ മണിക്കൂർ പിന്നിട്ട് ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയത്. ഭീകരാക്രമണത്തെ കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പോലിയേവ് നേരത്തെ അപലപിച്ചിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കർശന നടപടിയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.