ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച പഹൽഗാമിലെ ഭീകരാക്രമണം 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു സമാനമാണെന്നു ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ പറഞ്ഞതിനു പിന്നാലെ ഹമാസ് പ്രവർത്തകർ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്ന വിവരം പങ്കുവച്ച് ഇന്റലിജൻസ് വൃത്തങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒട്ടേറ തവണ ഹമാസ് പ്രവർത്തകർ പാക്ക് അധീന കശ്മീരും പാക്കിസ്ഥാനും സന്ദർശിച്ചതായാണ് റിപ്പോർട്ട്.
ബഹവൽപുരിൽ ഭീകരസംഘടനായ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഹമാസ് സംഘം അടുത്തിടെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസം പാക്ക് കരസേനാ മേധാവി അസിം മുനീർ ഉദ്ഘാടനം ചെയ്ത സൈനിക കേന്ദ്രത്തിലും ഹമാസ് സംഘം എത്തി. ഇന്ത്യയിലെ രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബഹവൽപുർ തന്ത്രപ്രധാനമായ സ്ഥലമാണ്. പാക്കിസ്ഥാൻ സൈന്യത്തിന്റെ വിഭാഗമായ ബഹവൽപുർ കോറാണ് ഇവിടെ കാവൽ.
ഫെബ്രുവരിയിൽ, പാക് അധീന കശ്മീരിലെ റാവലക്കോട്ടിൽ ‘കശ്മീർ ഐക്യദാർഢ്യ ദിന’ത്തിൽ ഹമാസ് നേതാവ് ഖാലിദ് ഖദ്ദൂമിയുടെ പ്രസംഗം കേൾക്കാൻ ഉന്നത ലഷ്കറെ തയിബ, ജയ്ഷെ കമാൻഡർമാർ എത്തിയിരുന്നതായും വിവരമുണ്ട്. ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ ഇസ്രയേലിനെതിരായ പലസ്തീന്റെ പോരാട്ടവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമായാണ് സുരക്ഷ ഏജൻസികൾ ഇതിനെ കാണുന്നത്. രണ്ടും ‘അധിനിവേശത്തിനെതിരായ പ്രതിരോധം’ ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒരു വർഷമായി, പ്രത്യേകിച്ച് 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനിൽ ഹമാസിന്റെ സാന്നിധ്യം വർധിച്ചതായി വ്യക്തമായ സൂചനകളുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ പാക്കിസ്ഥാൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ ഹമാസ് നേതാവ് ഖാലിദ് ഖദ്ദൂമിയെ ക്ഷണിച്ചിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടത്തിൽ അന്നത്തെ ഹമാസ് തലവനായ ഇസ്മായിൽ ഹനിയ പാക്കിസ്ഥാനിൽനിന്നു സഹായം തേടിയതിനു തൊട്ടുപിന്നാലെയാണ് ഹമാസ് നേതാക്കൾ പാക്കിസ്ഥാൻ സന്ദർശിച്ചത്. 2024 ജൂലൈ 31ന് ടെഹ്റാനിൽ ഹനിയെ കൊല്ലപ്പെട്ടപ്പോൾ, പാക്കിസ്ഥാൻ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസാറാണ് പഹൽഗാമിലെ ഭീകരാക്രമണത്തെ 2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണവുമായി താരതമ്യം നടത്തിയത്. സിവിലിയന്മാരെ ലക്ഷ്യം വച്ചതും തീവ്രവാദ ഗ്രൂപ്പുകൾക്കിടയിലെ ഏകോപനനും സമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു സംഭവങ്ങളിലും നിരായുധരായ സാധാരണക്കാരെ മനഃപൂർവം ലക്ഷ്യം വച്ചതായി അസർ ചൂണ്ടിക്കാട്ടി. ‘‘നിർഭാഗ്യവശാൽ, തീവ്രവാദ ഗ്രൂപ്പുകൾ പരസ്പരം പ്രചോദിപ്പിക്കുന്നുണ്ടെന്നു നാം സമ്മതിക്കണം. പഹൽഗാം ആക്രമണവും ഒക്ടോബർ 7 (2023)ന് ഇസ്രയേലിൽ നടന്നതും തമ്മിൽ സമാനതകളുണ്ട്. നിരപരാധികളായ വിനോദസഞ്ചാരികൾ പഹൽഗാമിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്നു, അതേസമയം ഇസ്രയേലിൽ ആളുകൾ ഒരു സംഗീതോത്സവം ആഘോഷിക്കുകയായിരുന്നു.’’– അസർ മാധ്യമങ്ങളോട് പറഞ്ഞു.