
തൃശൂർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന (ആന്റി സബൊട്ടാഷ് ടീം) അടക്കം വിപുലമായ സന്നാഹം ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അറിയിച്ചു. തേക്കിൻകാട് മൈതാനത്ത് പൂരച്ചടങ്ങുകൾക്ക് വേദിയാകുന്ന സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് ഡിജിപിയുടെ പ്രതികരണം. പൂരത്തിന് സുരക്ഷയൊരുക്കി ഏകോപിപ്പിക്കാൻ പരിചയസമ്പത്തുള്ള മുതിർന്ന ഓഫീസർമാരെയാകും നിയോഗിക്കുക. നാലായിരത്തിലേറെപ്പേർ ഉൾപ്പെടുന്ന സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കുക.
രണ്ടു പ്ലറ്റൂൺ അർബൻ കമാൻഡോകൾ, ഒരു കമ്പനി ദുരന്തനിവാരണ സേന, തണ്ടർബോൾട്ട് എന്നിവയെയും സുരക്ഷക്കായി നിയോഗിക്കും. പൊലീസ് രണ്ട് മാസം മുൻപേ ഒരുക്കങ്ങൾ ആരംഭിച്ചെന്നും ഡിജിപി പറഞ്ഞു. കൊടിയേറ്റ ദിവസം മുതൽ നഗരത്തെ വിവിധ സെക്‌ടറുകളായി തിരിച്ച് അട്ടിമറി വിരുദ്ധ സംഘം പരിശോധന നടത്തും. നഗരത്തിലെ എട്ട് ആശുപത്രികളിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റ് ഒരുക്കും. 35 ഡിവൈഎസ്‌പിമാർ, 71എസ്എച്ച്‌ഒമാർ, എൺപതോളം എസ്ഐമാർ, 280 എഎസ്ഐമാർ, 3400 ലേറെ സിപിഒമാർ, 200 വനിതാ സിപിഒമാർ എന്നിവർ സുരക്ഷാ സംഘത്തിലുണ്ടാകും. കൂടാതെ 10 ഡ്രോണുകളും ഒരു ആന്റി ഡ്രോൺ സിസ്‌റ്റവും നിരീക്ഷണത്തിനുണ്ടാകും.