ലണ്ടൻ : പഹൽഗാം ഭീകരാക്രമണത്തിൽ ലണ്ടനിലെ പാകിസ്താൻ ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച രണ്ട് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒരാളെ ഹൈക്കമീഷൻറെ മുമ്പിൽ നിന്നും പ്രതിഷേധ സ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ച മറ്റൊരാളെ പിന്തുടർന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിൻറെ വിഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കസ്റ്റഡിയിലായ ആൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. പാക് ഹൈക്കമീഷൻ കെട്ടിടത്തിൽ നിന്ന് പുറത്തുവന്ന ഒരു ഉദ്യോഗസ്ഥൻ പ്രതിഷേധത്തിൽ പങ്കെടുത്ത വനിതയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ 500ഓളം വരുന്ന ഇന്ത്യൻ പ്രവാസികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പതാകയും ബാനറുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പ്രതിഷേധം.