പഹല്‍ഗാം ഭീകരാക്രമണം: അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ച് ആഭ്യന്തര മന്ത്രാലയം

11:14 AM Apr 27, 2025 | Kavya Ramachandran

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിക്ക് . ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഐഎ അന്വേഷണം ആരംഭിക്കും. പ്രാദേശിക പൊലീസില്‍ നിന്നും കേസ് ഡയറിയും എഫ്‌ഐആറും എന്‍ഐഎ ശേഖരിക്കും. നേരത്തെ എന്‍ഐഎ സംഘം പഹല്‍ഗാമിലുണ്ടായിരുന്നു. സംഭവ സ്ഥലം അവര്‍ പരിശോധിക്കുകയും ചെയ്തു. എന്‍ഐഎയുടെ ഫോറന്‍സിക്ക് സംഘവും പഹല്‍ഗാമിലുണ്ട്.

ചൊവ്വാഴ്ചയാണ് പഹല്‍ഗാമില്‍ ഭീകരന്മാര്‍ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. 25 ഇന്ത്യന്‍ പൗരന്മാരും ഒരു നേപ്പാള്‍ പൗരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ നടക്കുന്ന നടുക്കുന്ന ആക്രമണമാണിത്.

Trending :