കറാച്ചി: സിന്ധു നദിയിൽ ജലം തടസ്സപ്പെടുത്തി ഇന്ത്യ നിർമിക്കുന്ന ഏതുതരം നിർമിതിയും ആക്രമിക്കുമെന്ന ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.
‘ഇത്തരം നിർമിതികൾ സിന്ധു ജല കരാറിന്റെ ലംഘനവും പാകിസ്താനെതിരായ കടന്നുകയറ്റവുമാണ്. വെടിയുണ്ട പായിക്കൽ മാത്രമല്ല അതിക്രമം. അതിലൊന്നാണ് ജലം തടസ്സപ്പെടുത്തൽ. അത് ദാഹവും വിശപ്പും മൂലം മരണത്തിനിടയാക്കും. കരാർ ലംഘിക്കൽ ഇന്ത്യക്ക് എളുപ്പമാകില്ല. വിഷയത്തിൽ പാകിസ്താൻ ബന്ധപ്പെട്ട കക്ഷികളെ സമീപിക്കും. പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ അക്രമിച്ചാൽ സമ്പൂർണ തിരിച്ചടി നടത്തും’-ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.
‘പാകിസ്താനിൽ ചില മേഖലകൾ ആക്രമിക്കാൻ തീരുമാനമെടുത്തതായി ചില ചോർന്നുകിട്ടിയ രേഖകൾ സൂചിപ്പിക്കുന്നു. ആക്രമണം സംഭവിക്കുമെന്നും ആസന്നമാണെന്നും തോന്നുന്നു. പാകിസ്താൻ ഇതിനെതിരെ പൂർണ ശക്തിയുപയോഗിച്ച് തിരിച്ചടിക്കും. പരമ്പരാഗത ആയുധങ്ങളും അണവായുധങ്ങളും പ്രയോഗിക്കും’- മന്ത്രി കൂട്ടിച്ചേർത്തു.