ഇന്ത്യയോട് തോറ്റതോടെ പാക് ആരാധകര്‍ കലിപ്പില്‍, ഇന്ത്യ അച്ഛനാണെന്ന് പ്രതികരണം, വിവരമില്ലാത്ത കോച്ചാണ് തോല്‍വിക്ക് കാരണമെന്ന് അക്തര്‍, റൗഫിനെ ബൗള്‍ ചെയ്യിച്ചത് വന്‍ വിഡ്ഡിത്തം

06:40 PM Sep 30, 2025 | Raj C

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയോട് അഞ്ച് വിക്കറ്റ് വ്യത്യാസത്തില്‍ തോറ്റ പാകിസ്താന്‍ ടീമിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം. പാകിസ്താന്റെ ബാറ്റിംഗ് 113/1 എന്ന നിലയില്‍ നിന്ന് 146-ലേക്ക് ചുരുങ്ങിയത്, ഹാരിസ് റൗഫിന്റെ ഓവറുകള്‍, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ തന്ത്രങ്ങള്‍ എന്നിവയെല്ലാം ആരാധകരേയും മുന്‍കളിക്കാരേയും നിരാശപ്പെടുത്തി.

പാകിസ്താനിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ തോല്‍വി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുകയാണ്.

ഒരു ആരാധകന്‍ പോസ്റ്റ് ചെയ്തത്, ഇന്ത്യ ഞങ്ങളുടെ അച്ഛനാണ് എന്നാണ്. മുഴുവന്‍ പാകിസ്താനും ഇന്ത്യയോട് ജയിക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും, നമ്മള്‍ക്ക് അതിന് കഴിയില്ല എന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്.

പ്രതികരണങ്ങള്‍ രോഷാകുലതയെക്കാള്‍ നിരാശയും ആത്മാര്‍ത്ഥമായ വിമര്‍ശനവുമാണ്. പലരും 'അടുത്ത തവണ ഞങ്ങള്‍ ജയിക്കും' എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ആവര്‍ത്തിച്ചുള്ള തോല്‍വികള്‍ ആരാധകരെ നിരാശപ്പെടുത്തുന്നു.

പാകിസ്താന്റെ മുന്‍താരങ്ങള്‍ ടീമിനെതിരേയും പേസര്‍ ഹാരിസ് റൗഫിനെതിരേയും കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഷോയബ് അക്തര്‍  വൈകാരികമായാണ് പ്രതികരിച്ചത്. പരിശീലകന്റെ വിവരമില്ലായ്മയാണ് തോല്‍വിക്ക് കാരണമെന്ന് അക്തര്‍ കുറ്റപ്പെടുത്തി. ഇത് മാനേജ്‌മെന്റിന്റെ കൂടി പരാജയമാണ്, അവര്‍ ശരിയായി ചിന്തിക്കുന്നില്ല. ഹസന്‍ നവാസിന്റെ അഭാവത്തെ ചോദ്യം ചെയ്ത അക്തര്‍, ക്യാപ്റ്റന്‍ ആഗയുടെ ബൗളിംഗ് ചേഞ്ചുകളേയും വിമര്‍ശിച്ചു. സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റര്‍മാര്‍ വിയര്‍ക്കുമ്പോള്‍ ഹാരിസ് റൗഫിനെ കൊണ്ടുവന്നത് അനാവശ്യമായിരുന്നു. അത് തോല്‍വിക്ക് കാരണമായെന്ന് അക്തര്‍ പറഞ്ഞു.

മുഹമ്മദ് യൂസഫ്, കമ്രാന്‍ അക്മല്‍, തൗസീഫ് അഹമ്മദ്, റഷീദ് ലത്തീഫ് തുടങ്ങിയ മുന്‍ കളിക്കാരെല്ലാം റൗഫിനെ കുറ്റപ്പെടുത്തി. അവസാന ഓവറുകളില്‍ നിരന്തരം പരായജപ്പെടുന്ന ബൗളറായിട്ടും റൗഫിന് ഓവര്‍ നല്‍കിയത് തോല്‍വിക്ക് പ്രധാന കാരണമായെന്നാണ് ഇവരുടെ വിലയിരുത്തല്‍.