പാകിസ്താനിൽ ചൂട് കനക്കുന്നു

06:12 PM May 01, 2025 | Neha Nair

ന്യൂഡൽഹി: കനത്ത ചൂടിൽ വലഞ്ഞ് പാകിസ്താൻ. താപനില 50 ഡിഗ്രി കടക്കുമെന്നാണ് പ്രവചനം. നിലവിൽ 48 ഡിഗ്രിയാണ് പാകിസ്താനിലെ താപനില. ബുധനാഴ്ച ഇത് 50 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് പ്രവചനം. ഏപ്രിൽ 26 മുതൽ 30 വരെയുള്ള തീയതികളിൽ പാകിസ്താനിൽ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

താപനില ഉയരാനുള്ള സാധ്യത മുന്നിൽ കണ്ട് വിവിധ മേഖലകളിൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിലിലെ ചൂടിന്റെ കണക്കിൽ പാകിസ്താൻ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താന് പുറമേ ഇറാൻ, കുവൈറ്റ്, സൗദി അറേബ്യ, ഇന്ത്യ, ഇറാഖ്, ഖത്തർ സുഡാൻ, യു.എ.ഇ, ഒമാൻ, സൗത്ത് സുഡാൻ, ബഹറൈൻ, മാലി, സെനഗൽ, എത്യോപ്യ തുടങ്ങിയ പല രാജ്യങ്ങളിലും താപനില ഉയരുകയാണ്.

ചൈനയുടെ കിഴക്കൻ മേഖലയിലൂടെ ഉഷ്ണക്കാറ്റ് പ്രവഹിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് താപനില വർധിക്കുന്നതിന് ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. തുർക്കുമെനിസ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളിലും താപനില 38 ഡിഗ്രി കടക്കുമെന്നാണ് പ്രവചനം. 2025ന്റെ ആദ്യപാദത്തിൽ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ് താപനില.