+

മത്സ്യബന്ധനത്തിന് പോയ എട്ട് ഇന്ത്യൻ ബോട്ട് പാകിസ്ഥാൻ പിടിച്ചെടുത്തു

മത്സ്യബന്ധനത്തിന് പോയ എട്ട് ഇന്ത്യൻ ബോട്ട് പാകിസ്ഥാൻ പിടിച്ചെടുത്തു

ന്യൂഡൽഹി : അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് (IMBL) സമീപം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുള്ള ബോട്ട് പാകിസ്ഥാൻ മറൈൻ ഏജൻസി (PMA) പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.ജുനഗഡിലെ വെരാവലിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘നർ നാരായൺ’ എന്ന് പേരിട്ടിരിക്കുന്ന ബോട്ടാണ് പിടിയിലായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മത്സ്യബന്ധന നിരോധിത മേഖലയിലേക്ക് ബോട്ട് പ്രവേശിച്ചു എന്നാരോപിച്ചാണ് പാക് മറൈൻ ഏജൻസി നടപടിയെടുത്തത്.

പിടിച്ചെടുത്ത ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെയും പാകിസ്ഥാൻ മറൈൻ ഏജൻസി അറസ്റ്റ് ചെയ്തു. ഇവരിൽ ഏഴ് പേർ ഗുജറാത്തിലെ ജുനഗഡ് സ്വദേശികളും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുള്ളയാളുമാണ്. ഇവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയതായാണ് വിവരം.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടുന്നത് ഇത് ആദ്യമായല്ല. പാകിസ്ഥാൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചു എന്നാരോപിച്ച് 2025 മാർച്ച് വരെ ഏകദേശം 125 ഗുജറാത്തി മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ സമുദ്ര അതോറിറ്റി അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിർത്തി പ്രദേശമായതിനാൽ ഐ.എം.ബി.എൽ.ന് അടുത്തുള്ള മത്സ്യബന്ധനം പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ട്. പിടിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ അധികൃതർ ഉടൻ തന്നെ നയതന്ത്രതലത്തിൽ ഇടപെടലുകൾ നടത്തുമെന്നാണ് പ്രതീക്ഷ.

facebook twitter