+

പാകിസ്ഥാന്‍ ഇന്ത്യന്‍ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു, മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം

ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാന്‍  നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്റഗ്രേറ്റഡ് കൗണ്ടര്‍ അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റവും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാന്റെ മിസൈലാക്രമണം തകര്‍ത്തത്. പാകിസ്ഥാന്റെ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് അവര്‍ നടത്തിയ ആക്രമണത്തിന്റെ തെളിവാണ്. ഇന്ത്യയെ ആക്രമിച്ചതിനും അതിര്‍ത്തിയിലെ ഷെല്ലാക്രമണം ശക്തമായി തുടരുന്നതിലും മറുപടിയായിട്ടാണ് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന്റെ ആക്രമണശ്രമങ്ങളുടെ തെളിവും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

facebook twitter