ഇസ്ലാമാബാദ്: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ 10 സാധാരണക്കാരെ കൊലപ്പെടുത്തിയതായി പാക്കിസ്ഥാൻ അറിയിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കട്‌ലാങ്ങിലെ ഒരു വിദൂര കുന്നിൻ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെയാണ് മരണങ്ങൾ സംഭവിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സാധാരണയായി തീവ്രവാദവിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെടുന്ന വാർത്തകൾ പാക്കിസ്ഥൻ പുറത്ത് വിടാറില്ല.
പ്രവിശ്യാ ഗവൺമെന്റ് വക്താവ് മുഹമ്മദ് അലി സെയ്ഫ് പറയുന്നതനുസരിച്ച്, ഈ സ്ഥലം “ഭീകരരുടെ ഒളിത്താവളമായും ഗതാഗത കേന്ദ്രമായും” ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്നുള്ള വിവരങ്ങളിൽ, സ്ഥലത്തിന് സമീപം ചില നിരായുധരായ സാധാരണക്കാർ ഉണ്ടെന്ന് കണ്ടെത്തിയതായും സെയ്ഫ് കൂട്ടിച്ചേർത്തു. തീവ്രവാദ വിരുദ്ധ പ്രവർത്തനം നടന്നതായി സർക്കാർ ഉദ്യോഗസ്ഥർ അവകാശപ്പെട്ട സ്ഥലത്ത് നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 10 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് നാട്ടുകാർ പറഞ്ഞത്.