ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍

06:26 AM Oct 29, 2025 |


ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റേയും യുഎസ് സീക്രട്ട് സര്‍വീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസഥരും പാക് കരസേനാ മേധാവി അസിം മുനീറുമായി ഈജിപ്തില്‍ നടന്ന രഹസ്യ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നീക്കം. യുദ്ധാന്തര ഗാസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇസ്രായേലിനും പലസ്തീനുമിടയില്‍ സംരക്ഷണ സേനയെ പോലെ പാകിസ്ഥാന്‍ സൈനികര്‍ പ്രവര്‍ത്തിക്കും. പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ഈ നടപടി ഇസ്രായേലുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ തങ്ങളുടെ ദീര്‍ഘകാല നയത്തില്‍ വരുത്തുന്ന സുപ്രധാനമായ 'നിലപാട് മാറ്റ'മായാണ് വിലയിരുത്തപ്പെടുന്നത്.ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാതെ പലസ്തീനൊപ്പം നിന്ന പാകിസ്ഥാന്റെ മനംമാറ്റം അറബ് രാഷ്ട്രങ്ങളെ വഞ്ചിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളാണ് പാക് നീക്കത്തില്‍ എതിര്‍പ്പ് ഉന്നയിച്ചത്.

ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സൈനിക സേനയെയാണ് യുദ്ധാനന്തരം ഗാസയില്‍ വിന്യസിക്കാന്‍ സാധ്യത. ഈ പശ്ചാത്തലത്തിലാണ് ഇസ്രായേലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും ഇല്ലാത്ത പാകിസ്ഥാന്റെ 20,000 സൈനികരെ വിന്യസിക്കാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്.