മുംബൈ: മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസ് സമൃദ്ധി ഹൈവേയിൽ വെച്ച് തീപിടിച്ച് കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. 12 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും രക്ഷിച്ചു. ഹൈവേയിൽ നാഗ്‌പൂർ ലെയിനിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. എന്നാൽ തീ പിടിച്ച ഉടൻ ഡ്രൈവർ ഹുസൈൻ സയ്യിദ് ബസ് നിർത്തി. പിന്നാലെ ബസിലുണ്ടായിരുന്ന എല്ലാവരെയും ഇദ്ദേഹം പുറത്തിറക്കി.
വൈകാതെ ആളിപ്പടർന്ന തീയിൽ ബസ് പൂർണമായും കത്തിനശിച്ചു. ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ആംബുലൻസും ജീവൻ രക്ഷാ സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും അധികം വൈകാതെ സുഗമമാക്കി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ പലപ്പോഴായി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചത് ആശങ്കയുളവാക്കുന്നതാണ്. ആന്ധ്രയിലെ കുർണൂലിലാണ് അപകടത്തിൽ 20 പേർ മരിച്ച അപകടം ഉണ്ടായത്.
തൊട്ടുപിന്നാലെ 70 യാത്രക്കാരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട ഡബിൾ ഡെക്കർ സ്ലീപ്പർ ബസ് ആഗ്ര - ലഖ്‌നൗ ദേശീയപാതയിൽ ഇൻഡോറിന് അടുത്ത് വച്ച് അഗ്നിക്കിരയായി. എന്നാൽ ഈ സംഭവത്തിൽ യാത്രക്കാരെ എല്ലാവരെയും ബസ് ജീവനക്കാർ രക്ഷിച്ചിരുന്നു.