ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തലിൽ അമേരിക്കയ്ക്ക് പങ്കില്ല ; വിക്രം മിസ്രി

11:00 AM May 20, 2025 | Neha Nair

ഡൽഹി : ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തലിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സൈനിക നടപടികൾ അവസാനിപ്പിക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണെന്നും വിദേശകാര്യ തലത്തിൽ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്നും വിക്രം മിസ്രി പറഞ്ഞു.

പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സൈനിക സംഘർഷത്തിൽ വെടിനിർത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്ഥാനാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക നടത്തിയ ഇടപെടലിനെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് വിക്രം മിസ്രിയുടെ പ്രതികരണം.