പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം : ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ

11:14 PM Apr 23, 2025 | Desk Kerala

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്.
പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി പഹൽ​ഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികളും ഇന്ത്യ മരവിപ്പിച്ചു. പാകിസ്താന്റെ സുപ്രധാന കുടിവെള്ള പദ്ധതിയായ സി‌ന്ധു നദീജല കരാ‍റും ഇന്ത്യ റദ്ദാക്കി.

വാ​ഗ - അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. ഡല്‍ഹിയിലെ പാക് ഹൈകമ്മീഷൻ രാജ്യം വിടണമെന്നും ഇന്ത്യ നിർദേശിച്ചു. പാകിസ്നിതാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്ഥരെ തിരികെ വിളിക്കാനും തീരുമാനമായി. 

Trending :

പാക് ഹൈ കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കും. മെയ് 1 മുതല്‍ പുതിയ നടപടികൾ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

നയതന്ത്ര കാര്യാലയത്തിൽ ഏതാനും ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ഒഴിച്ചാൽ പാക്കിസ്ഥാനുമായി ഇനി ഒരു ബന്ധത്തിനുമില്ല എന്ന തീരുമാനമാണ് ഇന്ത്യ എടുത്തിരിക്കുന്നത്. രണ്ടര മണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം പുറത്തുവന്നത്.