പാലക്കാട് ഡാമിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

04:20 PM Jun 23, 2025 |


പാലക്കാട് : മീനാക്ഷിപുരത്ത് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. പുതുനഗരം സ്വദേശി കാർത്തിക് (19), ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു (18) എന്നിവരാണ് മരിച്ചത്. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടയിൽ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. ഇവർക്കായി പൊലീസും ചിറ്റൂർ ഫയർഫോഴ്‌സും ഒന്നിച്ചാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.