+

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവം : വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

അട്ടപ്പാടിയിൽ കർഷകനായ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതിൽ വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കലക്ടർ എസ്. ശ്രീജിത്ത് ആണ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്

പാലക്കാട്: അട്ടപ്പാടിയിൽ കർഷകനായ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതിൽ വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കലക്ടർ എസ്. ശ്രീജിത്ത് ആണ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കുമെന്ന് അധികൃതർ കൃഷ്ണസ്വാമിക്ക് ഉറപ്പ് നൽകിയിരുന്നു. രേഖകളുമായി എത്താനായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്‌തെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കൃഷ്ണസ്വാമി നേരത്തെ നൽകിയ അപേക്ഷയിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. വില്ലേജ് ഓഫീസിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആത്മഹത്യ ചെയ്ത കർഷകൻ കൃഷ്ണസ്വാമിയുടെ കുടുംബം ആരോപിച്ചിരുന്നു. അഗളി താലൂക്ക് ആസ്ഥാനത്തെത്തി വില്ലേജ് അധികൃതരുടെയും മരിച്ചയാളുടെ വീട്ടുകാരുടെയും മൊഴിയെടുത്ത ശേഷമാണ് ഡെപ്യൂട്ടി കലക്ടർ റിപോർട്ട് നൽകിയിരിക്കുന്നത്.

കൃഷ്ണസ്വാമിയുടെ ആത്മഹത്യ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മാറിക്കിടക്കുന്നത് തിരുത്താൻ ഉദ്യോഗസ്ഥർ സഹായിക്കാത്തതിനാലാണ് കർഷകൻ ആത്മഹത്യ ചെയ്തത് എന്ന വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രവർത്തകർ അഗളി വില്ലേജ് ഓഫീസിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു.
 

Trending :
facebook twitter