
കോഴിക്കോട്: ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതിന് സർവിസിൽനിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്രയിൽ തന്നെ മർദിച്ചതെന്ന് ഷാഫി പറമ്പിൽ എം.പിയുടെ വെളിപ്പെടുത്തൽ. ഇന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രങ്ങളും വിഡിയോകളും സഹിതം ഇക്കാര്യം വ്യക്തമാക്കിയത്.
‘മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണ്. പൊലീസ് സൈറ്റിൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റി. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാൾ. സർവിസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകൾ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ചോദിച്ചപ്പോൾ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനർനിയമിച്ചത് കൊണ്ടാണ് ആ രേഖകൾ പുറത്ത് വിടാത്തത്’ -ഷാഫി ആരോപിച്ചു.
അതേസമയം, പിരിച്ചുവിട്ടതിനെതിരെ അഭിലാഷ് നൽകിയ അപ്പീലിൽ പിന്നീട് ഇൻക്രിമെന്റ് റദ്ദാക്കി തിരിച്ചെടുത്തിരുന്നതായും വിവരമുണ്ട്.
‘ഞാൻ അവിടെ വന്നിട്ടാണോ സംഘർഷം ഉണ്ടായത്? ഞാൻ അവിടെ ചെല്ലാത്ത തലേദിവസം പൊലീസ് അവിടെ ആറ് റൗണ്ട് ടിയർ ഗ്യാസും ഗ്രനൈഡും ഉപയോഗിച്ചു. ശബരിമല ജാഥയുമായി ബന്ധപ്പെട്ട സമരത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് തലേദിവസം മുതൽ അവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഈ നാടിന്റെ സമാധാനത്തിനും താല്പര്യത്തിനും വേണ്ടിയുള്ള തീരുമാനമാണ് നമ്മൾ എടുക്കേണ്ടത്, നിങ്ങൾ പൊലീസിൽ നിന്ന് അകന്നുനിൽക്കണം, അവിടെ സംഘർഷം ഉണ്ടാകരുത് എന്ന് ഈ സംഘർഷം ഒക്കെ ഉണ്ടാകുന്നതിനു മുമ്പ് അവിടെ ചെന്നിരുന്ന് പറഞ്ഞതാണ് ഞങ്ങൾ. സംഘർഷം വർധിപ്പിക്കാനല്ല പോയത്.
ഒരു കോളജ് ഇലക്ഷനിൽ 25 വോട്ടിന് ചെയർമാൻഷിപ്പ് ജയിച്ച പ്രകടനം പോലും ടൗണിലേക്ക് ഇറങ്ങരുത് എന്ന പിടിവാശി പോലീസ് എടുത്തു. ആ പ്രകടനം അന്ന് നടത്താൻ സമ്മതിച്ചില്ല. പിറ്റേ ദിവസം പെർമിഷന് എഴുതിക്കൊടുത്തിട്ടും പ്രകടനം നടത്താൻ സമ്മതിക്കുന്നില്ല. അവിടെ അന്നും സിപിഎം പ്രകടനം നടത്തുന്നു. എഫ്ഐആറിൽ എഴുതിവെച്ചിരിക്കുകയാണ് 500 ഓളം എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി പിരിഞ്ഞുപോയി എന്ന്. യുഡിഎഫ് പ്രകടനം നടത്തുമ്പോൾ ഗതാഗത തടസ്സം ഉണ്ടാകുന്നു, ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നു, ജനങ്ങൾക്ക് തടസ്സമുണ്ടാകുന്നു എന്നൊക്കെയാണ് വാദം. പാർട്ടി സ്റ്റേറ്റ്മെന്റ് എഴുതുന്ന പോലെയല്ലേ പോലീസ് കാര്യങ്ങൾ എഴുതി ചേർത്തത്?.
എനിക്ക് മർദനമേറ്റിട്ടും എന്റെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ള ആളുകൾക്ക് ഇത്ര മൃഗീയമായ ആക്രമണം ഏറ്റിട്ടും അവിടെ ഏതെങ്കിലും തരത്തിലുള്ള ഒരു കലാപ അന്തരീക്ഷം ഞങ്ങൾ ആരെങ്കിലും സൃഷ്ടിച്ചോ? ഞാൻ ആ മർദ്ദനം ഏറ്റ ഉടനെ ആശുപത്രിയിലേക്ക് ഓടിപ്പോകാത്തത് എന്തേ എന്ന് ചോദിച്ചു. മൂക്കിന്റെ പാലം പൊട്ടി എന്നൊന്നും എനികപ്പോൾ അറിഞ്ഞിരുന്നില്ല, ചോര വരുന്നുണ്ട്. അത് ഞാൻ അനുഭവിച്ചു. പക്ഷേ അങ്ങനെ ഒരു സീനിൽ നിന്ന് ഓടിപ്പോയാൽ അവിടെ പിന്നെ ഉണ്ടാകാൻ പോകുന്ന എല്ലാ സംഘർഷങ്ങളും അപകടം സൃഷ്ടിക്കുന്നതുകൊണ്ട്, അവിടെ പ്രവർത്തകരോട് പിരിഞ്ഞു പോകണം, ഈ പ്രതിഷേധം അവസാനിപ്പിച്ചിരിക്കുന്നു, ബാക്കി കാര്യങ്ങൾ നമ്മൾ പിന്നീട് നിയപരമായി ചെയ്യുമെന്നും പറഞ്ഞ ആളുകളെ പിരിച്ചുവിട്ടിട്ടാണ് ഞങ്ങൾ രണ്ടാളും അവിടുന്ന് പോരുന്നത്.
ഇത്രയൊക്കെ സംഭവിച്ചിട്ട്, പൊലീസിന്റെ കയ്യിലിരിപ്പും കയ്യിലിരുന്ന് പൊട്ടിയതും കൊണ്ടുണ്ടായ പരിക്കല്ലാതെ ഒരു പോലീസുകാരന് പോലും അവിടെ പരിക്കേറ്റിട്ടില്ല. പ്രകോപനമായിരുന്നു നമ്മുടെ ഉദ്ദേശമെങ്കിൽ അങ്ങനെ എന്തെങ്കിലും ഒരു സീൻ അവിടെ ഉണ്ടായോ?. പേരാമ്പ്രയുടെ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് ഞങ്ങൾ ആ ദിവസം നടത്തിയത്.
ഒരു മാധ്യമ പ്രവർത്തകനോട് എസ്.പി വിളിച്ചിട്ട് പറഞ്ഞു അവിടെ ഒരു മർദ്ദനം നടന്നിട്ടേ ഇല്ല എന്ന്. അപ്പോഴേക്കും വ്യാജപ്രചരണങ്ങൾ ആരംഭിക്കുകയായിരുന്നു. അവിടെ ലാത്തി ചാർജ് നടന്നു എന്നറിയാഞ്ഞിട്ടൊന്നുമല്ല, ബോധപൂർവ്വം ഈ ചർച്ചകളെല്ലാം വേറൊരു തരത്തിൽ വഴിതിരിച്ചു വിടാനുള്ള ഇവരുടെ അജണ്ടയായിരുന്നു. ഭാഗ്യത്തിനാണ് പിറ്റേദിവസം ഇതിന്റെ വിഷ്വൽ പുറത്തുവന്നത്. അതുവരെ മർദ്ദനം ഏറ്റിട്ടില്ല, അത് മഷിയാണ്, പെയിന്റാണ്, കുപ്പിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നവർ പിന്നെ അത് മാറ്റി പറയേണ്ടി വന്നു.
പിന്നീട് റൂറൽ എസ്.പി ഒരു യോഗത്തിൽ പ്രസംഗിക്കുന്ന വീഡിയോ നമ്മൾ കണ്ടു. പോലീസിലെ ചില ആളുകൾ ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചു എന്നും അതിന്റെ ഒരു വാണിങ് കൊടുത്തിട്ടുണ്ടായിരുന്നില്ല, അതിന്റെ സൈറൻ കൊടുത്തിട്ടുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരം വിവാദങ്ങൾ നിലനിൽക്കണം, ശബരിമല വിഷയം ചർച്ചയാവരുത് എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണം.
"എഐ ടൂൾ ഉപയോഗിച്ചിട്ട് പ്രതിയെ കണ്ടെത്തും" എന്നാണ് പറഞ്ഞത്. എന്തേ? എഐ ടൂൾ പണി മുടക്കിയോ? എന്താ ഇതുവരെ അടിച്ച ആളെ കണ്ടെത്താത്തത്?. റൂറൽ എസ്പി ആരുടെ ഭീഷണിക്ക് വഴങ്ങിയായിട്ടാണ് മുന്നോട്ട് പോകാതിരുന്നത്?. ആ അന്വേഷണം അവസാനിപ്പിച്ചു, മരവിപ്പിച്ചു. എഐ ടൂൾ ഉപയോഗിച്ച് കുഴപ്പം ഉണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തുമെന്ന് റൂറൽ എസ്പി പറഞ്ഞതിന്റെ തൊട്ടുപുറകെ, അത് കണ്ടെത്തരുത്, പുറത്തുവിടരുത് എന്നുള്ള സിപിഎമ്മിന്റെ പൊളിറ്റിക്കൽ ഡയറക്ഷൻ കൊടുക്കുത്തതിന്റെ പേരിലല്ലാതെ എഐ ടൂൾ പണിമുടക്കിയതാണെങ്കിൽ ഇവർ പറയണം.
ഞാൻ ഐസിയുവിൽ നിന്ന് മാറ്റി റൂമിലേക്ക് വന്ന സമയത്ത് പോലീസ് കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടു മണിക്ക് കാണാമെന്ന് എന്റെ കൂടെ നിൽക്കുന്ന ആളോട് പറഞ്ഞു. ഇതുവരെ പോലീസ് എന്റെ അടുത്ത് വന്നിട്ടില്ല. മൊഴി എടുത്തിട്ടില്ല, സ്റ്റേറ്റ്മെന്റ് എടുത്തിട്ടില്ല, കേസ് രജിസ്റ്റർ ചെയ്തതായിട്ടുള്ള അറിയിപ്പ് കിട്ടിയിട്ടില്ല. റൂറൽ എസ്പി വീഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച ശേഷം ഇത് ചെയ്യരുത് എന്നുള്ള നിർദ്ദേശം ആരാണ് കൊടുത്തത്?. ഇത് പോലീസ് ബോധപൂർവ്വം സൃഷ്ടിച്ച അക്രമമാണ്, അതിന് പൊളിറ്റിക്കൽ ഡയറക്ഷൻ ഉണ്ടായിരുന്നു എന്നുള്ളത് ഉറപ്പാണ്’ -ഷാഫി പറമ്പിൽ പറഞ്ഞു.