പാലക്കാട് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 10,142 പുതിയ വോട്ടര്‍മാരുള്‍പ്പെടെ 23,22,579 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. 11,33,985 പുരുഷന്മാരും 11,88,571 സ്ത്രീകളും 23 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പടെയാണിത്. ഇതില്‍ 24,555 പേര് യുവ വോട്ടര്‍മാരാണ്. മരണപ്പെട്ടതും, താമസം മാറിയതും ഉള്‍പ്പെടെ 15,468 വോട്ടര്‍മാരാണ് വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഒഴിവാക്കപ്പെട്ടത്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലമ്പുഴ മണ്ഡലത്തിലാണ്. 2,13,516 പേര്. ഏറ്റവും കുറവ് തരൂര്‍ മണ്ഡലത്തിലാണ്. 1,70,295 പേരാണ് ഇവിടെ വോട്ടര്‍മാരായുള്ളത്.
24 പുതിയ പോളിങ് ബൂത്തുകള്‍ രൂപീകരിച്ചതുള്പ്പടെ ജില്ലയില്‍ 2,132 പോളിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. മുമ്പ് 2108 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. തൃത്താല മണ്ഡലത്തില്‍ 13 ഉം പട്ടാമ്പി മണ്ഡലത്തില്‍ 10 ഉം പോളിങ് സ്റ്റേഷനുകള്‍ പുതുതായി രൂപീകരിച്ചു. ഇതോടൊപ്പം മണ്ണാര്‍ക്കാട് മണ്ഡലത്തിലെ സ്വര്‍ണഗദ്ദ ഊരിലുള്ള 161-ാം ബൂത്ത് വോട്ടര്‍മാരുടെ സൗകര്യാര്‍ഥം വിഭജിച്ച് അട്ടപ്പാടി പാലൂര് ഗവ. യു.പി. സ്കൂളില്‍ ഒരു പുതിയ ബൂത്തും രൂപീകരിച്ചു. അസൗകര്യമുള്ളതായി കണ്ടെത്തിയ 82 പോളിങ് സ്റ്റേഷന് കെട്ടിടങ്ങള്‍ സൗകര്യപ്രദമായ കെട്ടി ടങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും മാറ്റിയിട്ടുണ്ട്.
അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ എല്ലാ അംഗീകൃത ദേശീയ- സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൗജന്യമായി അതാത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ അറിയിച്ചു.