പാലക്കാട് : പാലക്കാട്ടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയ ശേഷം കളക്ടറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കും. നിലവിൽ ആനകൾ എവിടെയാണ് തമ്പടിച്ചിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏർപ്പെടുത്തിയിരുന്ന എല്ലാ പ്രതിരോധ ക്രമീകരണങ്ങളും തകർത്ത് കൊണ്ടാണ് കാട്ടന ആക്രമണം നടത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി മറ്റൊരു സംവിധാനം കണ്ടെത്തിയിട്ടുണ്ട്. അത് പരീക്ഷണാർത്ഥം വയനാട്ടിലെ രണ്ടിടങ്ങളിൽ നടത്തുന്നുണ്ട് എന്നും അത് വിജയം കാണുകയാണെങ്കിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം. മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലന് ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.
പരുക്കേറ്റ വിജി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഇന്ന് രാവിലെ മുതൽ കപ്ലിപ്പാറ മുതല്‍ യുവാവിനെ കാട്ടാന ആക്രമിച്ച കണ്ണാടന്‍ചോല വരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഐഎം അറിയിച്ചിരുന്നു. മുണ്ടൂര്‍ കയറാംകോട് മേഖലയില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടും, ജനങ്ങളെ വിവരം അറിയിക്കുന്നതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചാണ് സിപിഐഎം പ്രതിഷേധം. ഇന്ന് രാവിലെ 10 മണിക്ക് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒയുടെ ഓഫീസും ഉപരോധിക്കുന്നുണ്ട്.