പാലക്കാട്:തൃത്താല നിയോജക മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11 ന് സംഘടിപ്പിക്കുന്നു. വട്ടേനാട് ഗവ. വി എച്ച് എസ് സ്കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് .
സർക്കാർ ആശുപത്രികളും എറണാകുളം അമൃത, ലിസി,തൃശൂർ ജൂബിലി അമല , കോട്ടയ്ക്കൽ മിംസ്, പെരിന്തൽമണ്ണ ഇം എം എസ് ആശുപത്രി,ഉൾപ്പെടെ കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളും ഹോമിയോ ,അലോപ്പതി, ആയുർവേദ വിഭാഗങ്ങളും ക്യാമ്പിൻ്റെ ഭാഗമാകും.ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎൻടി,ത്വക്ക് രോഗ വിഭാഗം,പൾമനോളജി - ശ്വാസകോശവിഭാഗം,ഗൈനക്കോളജി, നേത്രരോഗ വിഭാഗം,ഹൃദ്രോഗവിഭാഗം -കാർഡിയോളജി, വൃക്കരോഗവിഭാഗം - നെഫ്രോളജി, ഉദരരോഗ വിഭാഗം - ഗ്യാസ്ട്രോ എന്ററോളജി,ന്യൂറോളജി,ക്യാൻസർ വിഭാഗം - ഓങ്കോളജി,പീഡിയാട്രിക് സർജറി, കാർഡിയോ തൊറാസിക് സർജറി,യൂറോളജി,ന്യൂറോ സർജറി,സർജിക്കൽ, ഓങ്കോളജി, ഇന്റർവെൻഷണൽ റേഡിയോളജി,പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം), ദന്തരോഗ വിഭാഗം,ആയുർവേദം:ജനറൽ മെഡിസിൻ,ഓർത്തോ, ഇഎൻടി ആൻറ് കണ്ണ് രോഗ വിഭാഗം,ഗൈനക്കോളജി, പീഡിയാട്രിക്സ്,ഹോമിയോ ഉൾപ്പെടെ 28 വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കൂടിയാണിത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാവശ്യമായ തുടർ ചികിത്സാ സംവിധാനവും ഉറപ്പാക്കും. മൊബൈൽ ദന്തൽ ക്ലിനിക്ക് ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.മെഡിക്കൽ ക്യാമ്പിൽ പങ്കെടുന്നവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. അപേക്ഷ ഫോം തൃത്താല എം എൽ എ ഓഫീസിലും ഗ്രന്ഥശാലകളിലും ഏപ്രിൽ 30 വരെ ലഭ്യമാകും.
മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗം തദ്ദേശ സ്വയംഭരണ പാർലിമെൻ്ററികാര്യ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.വട്ടേനാട് എൽ പി സ്കൂളിൽ ചേർന്ന യോഗത്തിൽ യു ആർ പ്രദീപ് എം എൽ എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.ഡോ. ജോ ജോസഫ് പദ്ധതി വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി വി ബാലചന്ദ്രൻ, പി കെ ജയ, ജില്ലാ പഞ്ചായത്ത് അംഗം വി പി ഷാനിബ ടീച്ചർ,തഹസിൽദാർ ടി പി കിഷോർ,അൻപോട് തൃത്താല സെക്രട്ടറി എ പി സുനിൽ ഖാദർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ, അൻപോടെ തൃത്താല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പ്രസിഡൻ്റ്ഡോ. ഇ സുഷമ സ്വാഗതവും ട്രഷറർ പി വി രാംദാസ് നന്ദിയും പറഞ്ഞു.സംഘാടക സമിതി ചെയർമാനായി മന്ത്രി എം ബി രാജേഷിനെയും കൺവീനറായി ഡോ. ഇ സുഷമയെയും യോഗം തെരഞ്ഞെടുത്തു.501 അംഗ സംഘാടക സമിതിയ്ക്കും യോഗം രൂപം നൽകി.
സാമ്പത്തികമായി വളരെയേറെ പിന്നോക്കം നിൽക്കുന്നവരും ചികിത്സക്കും മരുന്നിനുമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായ വീടുകളിൽ സന്ദർശനം നടത്തി കണ്ടെത്തുകയും മാരകമായ അസുഖങ്ങളാൽ കഷ്ടത അനുവഭവിക്കുന്നവർക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്ന ഒരു സമഗ്ര ആരോഗ്യപദ്ധതിയാണ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അൻപോടെ തൃത്താല.