പാലക്കാട് ജില്ലയിൽ ജലലഭ്യതയിൽ വൻ മുന്നേറ്റം; ആറ് വർഷത്തിനുള്ളിൽ 2.45 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ

08:35 PM Aug 14, 2025 | AVANI MV

പാലക്കാട് : ജില്ലയിലെ ശുദ്ധജല ലഭ്യതയിൽ ശ്രദ്ധേയമായ മുന്നേറ്റം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒരു സംയുക്ത പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതിയിലൂടെയാണ് നേട്ടം കൈവരിച്ചത്. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വീട്ടിൽ തന്നെ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019-ലാണ് പദ്ധതി ആരംഭിച്ചത്.  പദ്ധതി ആരംഭിച്ചതിനുശേഷം, കഴിഞ്ഞ ആറ് വർഷത്തിനിടെ 2,45,042 വീടുകളിൽ പുതിയ ശുദ്ധജല കണക്ഷനുകൾ നൽകി.

സംസ്ഥാന സർക്കാരും, കേന്ദ്രസർക്കാരും സംയുക്തമായി 50ശതമാനം വീതം വിഹിതം വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 50 ശതമാനം വിഹിതത്തിൽ 25 ശതമാനം സർക്കാർ നേരിട്ടും 15 ശതമാനം പഞ്ചായത്തുകളുടെ ഫണ്ടും 10 ശതമാനം കൺസ്യൂമർ ഫണ്ടും വിനിയോഗിക്കാനായിരുന്നു ധാരണ. നിലവിൽ, പഞ്ചായത്ത്- കൺസ്യൂമർ ഫണ്ടുകൾ മുഴുവൻ വിനിയോഗിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. തദ്ദേശസ്വയംഭരണം, വനം, വൈദ്യുതി, റെയിൽവേ, പി.എം.ജി.എസ്.വൈ തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണവും പദ്ധതി നടത്തിപ്പിൽ നിർണായകമായി.

ആറ് വർഷത്തിനുള്ളിൽ 2,45,042 വീടുകളിൽ ശുദ്ധജല കണക്ഷനുകൾ

പദ്ധതി ആരംഭിക്കുന്നതിനു മുമ്പ്, പാലക്കാട് ജില്ലയിലെ 1,39,041 വീടുകളിൽ മാത്രമാണ് ടാപ് വഴി കുടിവെള്ള കണക്ഷൻ (Functional Household Tap Connection - FHTC) ലഭ്യമായിരുന്നത്. 2019 മുതൽ 2025 ജൂലൈ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം, പുതുതായി 2,45,042 വീടുകളിൽ ശുദ്ധജല കണക്ഷനുകൾ നൽകാൻ സാധിച്ചു. ഇതോടെ, ജില്ലയിലെ ആകെ 3,84,083 വീടുകളിൽ ഇപ്പോൾ പൈപ്പ് വഴി കുടിവെള്ളം എത്തുന്നു.

ആദിവാസി, ജലക്ഷാമ മേഖലകളിൽ ശ്രദ്ധേയ പുരോഗതി

ജൽ ജീവൻ മിഷൻ പ്രത്യേക ശ്രദ്ധ ചെലുത്തിയ ആദിവാസി മേഖലകളായ അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളിൽ 39,732 വീടുകളിൽ കുടിവെള്ള കണക്ഷനുകൾ നൽകി. ഈ മേഖലകളിലെ 60 ശതമാനത്തോളം വീടുകളിൽ ഇതിനോടകം കണക്ഷനുകൾ ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന വീടുകളിലേക്ക് കണക്ഷനുകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജലക്ഷാമം രൂക്ഷമായ മേഖലകളിൽ 1,30,837 വീടുകളിലും പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കിയതായി ജൽ ജീവൻ മിഷൻ അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ ജലസ്രോതസ്സുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

നിക്ഷേപവും അടിസ്ഥാന സൗകര്യങ്ങളും

പദ്ധതിയുടെ നടത്തിപ്പിനായി ഇതുവരെ 1,473.94 കോടി രൂപ ജില്ലയിൽ നിക്ഷേപിച്ചു. ഈ തുക ഉപയോഗിച്ച് പൈപ്പ് ലൈനുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, സംഭരണ ടാങ്കുകൾ, പമ്പ് ഹൗസുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. 39 വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിച്ചതും ഇവയിൽ പ്രധാനമാണ്. ഇതുവരെ 68 പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ, 314 പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സൗകര്യങ്ങൾ ജലവിതരണം കാര്യക്ഷമവും തടസ്സരഹിതവുമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ജനജീവിതത്തിൽ മാറ്റത്തിന്റെ തുടിപ്പ്

ജൽ ജീവൻ മിഷൻ പാലക്കാട് ജില്ലയിലെ ഗ്രാമീണ-നഗര മേഖലകളിലെ ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കി. പ്രത്യേകിച്ച്, ആദിവാസി, ജലക്ഷാമ മേഖലകളിലെ ജനങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നൽകിയത്. ദൂരെ നിന്ന് വെള്ളം ശേഖരിക്കേണ്ട ബുദ്ധിമുട്ട് ഇല്ലാതായതോടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതനിലവാരം മെച്ചപ്പെട്ടു. 2030-ഓടെ പാലക്കാട് ജില്ലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൽ ജീവൻ മിഷൻ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.