പനീര്‍ പ്രേമികൾക്ക് ഇതറിയാമോ ?

04:25 PM Mar 15, 2025 | Kavya Ramachandran

പ്രോട്ടീന്റെ സ്രോതസ്സാണ് പനീര്‍. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് ഇവ മികച്ചൊരു പോഷകമാണ്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, പോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു.

വിശക്കാതിരിക്കാന്‍ സഹായിക്കുന്നതിനാല്‍ വണ്ണം കുറയാന്‍ പനീര്‍ മികച്ച ഒന്നാണ്. എന്നാല്‍ കാലറി അധികമായതിനാല്‍ അമിതമായ അളവില്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇന്‍സുലിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പനീറില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്.

വൈറ്റമിന്‍ ബി12 പനീറിലുണ്ട്. നാഡീവ്യൂഹ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വൈറ്റമിന്‍ ബി12 ധാരണ ശേഷിയെ ബാധിക്കുന്ന പ്രശ്‌നങ്ങളെയും തടയുന്നു. പനീറില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ സിങ്ക് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി, അണുബാധ പോലെയുള്ളവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്.

ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീര്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായകമാണ്. കാല്‍സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഇത് നല്ലതാണ്.