+

പാരക്വിറ്റ് അകത്തുചെന്നാൽ മരണം സാവകാശം ; ശരീരത്തിൽ 'കാപികി'നേക്കുറിച്ച് ഗ്രീഷ്മ നടത്തിയത് വിശദപഠനം; നിർണായകമായത് ഷാരോണിന്റെ സഹോദരൻ നടത്തിയ ഇടപെടൽ

പാറശ്ശാല ഷാരോണിനെ കൊലപ്പെടുത്താന്‍ കാമുകിയും ഒന്നാംപ്രതിയുമായ ഗ്രീഷ്മ നടത്തിയത് ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തിയ ഗൂഢാലോചന.

തിരുവനന്തപുരം: പാറശ്ശാല ഷാരോണിനെ കൊലപ്പെടുത്താന്‍ കാമുകിയും ഒന്നാംപ്രതിയുമായ ഗ്രീഷ്മ നടത്തിയത് ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തിയ ഗൂഢാലോചന.  ഷാരോണിന് ഗ്രീഷ്മ കാപ്പിക് ബ്രാന്‍ഡില്‍പെട്ട പാരക്വിറ്റ് വിഷം നല്‍കിയത് ഏറെ ദിവസത്തെ പഠനത്തിന് ശേഷമായിരുന്നുവെന്ന് ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണ്‍ രാജ് പറഞ്ഞു.

ജ്യൂസില്‍ പാരസറ്റമോള്‍ ഗുളികകള്‍ അമിത അളവില്‍ കലക്കിക്കൊടുത്ത് നേരത്തെ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടതോടെയാണ് ഒരു തരത്തിലും അടുത്ത വട്ടം പരാജയപ്പെടരുതെന്ന നിർബന്ധബുദ്ധിയോടെയാണ് വിഷത്തേക്കുറിച്ച് പ്രത്യേകം പഠനം നടത്തിയത്. ഇതിനുവേണ്ടി ദിവസങ്ങളോളം ഗൂഗിള്‍ സെര്‍ച്ച് നടത്തിയെന്നും ഷിമോണ്‍ രാജ് ചൂണ്ടിക്കാട്ടുന്നു.

വിഷം ഉള്ളില്‍ ചെന്ന് മരണപ്പെട്ടാല്‍ പരിശോധനയിൽഅത് വ്യക്തമാവുമെന്ന് ഗ്രീഷ്മയ്ക്ക് ധാരണയുണ്ടായിരുന്നു. അതാണ് പാരക്വിറ്റിലേക്ക് ഗ്രീഷ്മയെ എത്തിച്ചത്. പാരക്വിറ്റ് അകത്തുചെന്നാല്‍ 24 മണിക്കൂറിനുള്ളില്‍ അതിന്റെ അംശം ശരീരത്തില്‍നിന്ന് ഇല്ലാതാവുമെന്നും മരണം സാവകാശമായിരിക്കുമെന്നും മനസ്സിലായതോടെയാണ് ഈ വിഷം ഉപയോഗിക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. 
എന്നാല്‍, പാരക്വിറ്റ് അകത്തുചെന്നാൽ ഇത് മറ്റ് അവയവങ്ങള്‍ക്കുണ്ടാക്കുന്ന തകരാറുകളേക്കുറിച്ച് ഗ്രീഷ്മ ബോധവതിയായിരുന്നില്ല. കഷായമാണ് നൽകിയതെന്ന ഗ്രീഷ്മയുടെ വാദം പൊളിക്കാനായത് ഇതുകൊണ്ടാണന്ന് സഹോദരന്‍ ഷിമോണ്‍ രാജ് പറയുന്നു.പാരക്വിറ്റ് അകത്ത് ചെന്നാല്‍ മാത്രമുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ഷാരോണിനുണ്ടായിരുന്നു. 

തൊണ്ടമുതല്‍ താഴോട്ട് പൂര്‍ണമായും കരിഞ്ഞപോലെയുള്ള അവസ്ഥയിലായി. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലായതോടെ കുടിച്ചത് വെറും കഷായമല്ലെന്നുറപ്പിക്കുകയായിരുന്നു. 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍ പോയശേഷം ഉച്ചയ്ക്ക് ഏദേശം 12 മണിയോടെയാണ് ശാരീരിക അവശതയുണ്ടെന്ന് പറഞ്ഞ് ഷാരോണ്‍ വീട്ടിലെത്തിയതും മുറിയില്‍ പോയി കിടന്നതും. പക്ഷെ, ഛർദി തുടർന്നതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

22-ാം തീയതി രാവിലെയാണ് പപ്പയോട് ഷാരോണ്‍ കാര്യങ്ങളെല്ലാം പറഞ്ഞത്. അപ്പോഴേക്കും അകത്ത് ചെന്ന വിഷത്തിന്റെ അംശം ശരീരത്തില്‍നിന്ന് പോയിരുന്നു. ഇതാണ് വെല്ലുവിളിയായത്. പക്ഷെ, ഇത് സംബന്ധിച്ച് താനും കസിന്‍ സജിനും കൂടെ നിരവധി തവണ ഗ്രീഷ്മയെ വിളിച്ചും വാട്‌സ്ആപ്പ് ചാറ്റിലൂടെയും കാര്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍, മറുപടിയായി ഗൂഗിളില്‍ നിന്നൊക്കെ പടമെടുത്ത് അയക്കുകയായിരുന്നുവെന്നും ഷിമോണ്‍ പറയുന്നു.

ആദ്യം കോകിലാക്ഷം കഷായമാണ് കൊടുത്തതെന്നാണ് പറഞ്ഞത്. താന്‍ ആയുര്‍വേദ ഡോക്ടറായതുകൊണ്ടുതന്നെ ഈ കഷായത്തിന്റെ കാര്യം ആദ്യം തന്നെ കള്ളമാണെന്ന് മനസ്സിലാക്കാനായി. കഷായം അമിത അളവില്‍ കുടിച്ചാല്‍ പോലും മരണം സംഭവിക്കാന്‍ ഇടയില്ലെന്ന് അറിയാമായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. മാത്രമല്ല വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തലും ഗുണകരമായി. 

If the parakeet enters, death is slow; Greeshma made a detailed study of 'Kapiki' on the body; What was crucial was the intervention of Sharon's brother

പാരക്വിറ്റ് വിഷം ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കുക. ഷാരോണിന്റെ ശ്വാസകോശം പുര്‍ണമായും വിണ്ട് കീറിയ അവസ്ഥയിലായിപ്പോയിരുന്നു. ഒരുതുള്ളി വെള്ളംപോലും ഇറക്കാനുമായിരുന്നില്ല. എന്നാല്‍, ഇതൊന്നും പറയാതെ ഗ്രീഷ്മയുമായി ചാറ്റ് ചെയ്യുകയും കൊടുത്ത മരുന്നില്‍നിന്നാണ് വിഷമേറ്റതെന്ന് വ്യക്തമാവുകയും ചെയ്‌തെന്നും അതിന്റെ ചാറ്റുകള്‍ കേസിന് ബലമേകിയെന്നും ഷിമോണ്‍ ചൂണ്ടിക്കാട്ടുന്നു.

പപ്പയോട് പറയുന്നതിന് മുമ്പെ ഷാരോണ്‍ ഗ്രീഷ്മയോട് മരുന്നിനെ കുറിച്ച് ചോദിച്ചിരുന്നു. ആശുപത്രിയില്‍ പോയാല്‍ പിടിക്കപ്പെടുമെന്ന് അറിഞ്ഞ ഗ്രീഷ്മ ആദ്യം ഷാരോണിനോട് മെഡിക്കല്‍സ്‌റ്റോറില്‍ പോയി എന്തെങ്കിലും മരുന്ന് വാങ്ങിക്കഴിക്കാനാണ് നിര്‍ദേശിച്ചത്. നേരത്തെ ജ്യൂസ് ചാലഞ്ച് നടത്തിയപോലെ ഒരു കഷായ ചാലഞ്ചാണ് ഗ്രീഷ്മ നടത്തിയതെന്നും സഹോദരന്‍ പറയുന്നു. ഇത് സംബന്ധിച്ച് രണ്ടുപേരും മുന്നെ തന്നെ ചര്‍ച്ചചെയ്തിരുന്നു. താന്‍ കഷായം കുടിക്കാറുണ്ടെന്നും ഭയങ്കര കയ്പ്പാണെന്നും പലപ്പോഴും ഗ്രീഷ്മ അവനോട് പറഞ്ഞു. ഒടുവില്‍ താന്‍ കുടിച്ചുകാണിക്കാമെന്ന നിലപാടിലേക്ക് അവനെ ഗ്രീഷ്മ എത്തിക്കുകയായിരുന്നു. 

14-ന് വീട്ടിലെത്തിയ ഷാരോണിനെ ആദ്യം തന്നെ കഷായചാലഞ്ചിലേക്ക് എത്തിച്ചു. ഷാരോണ്‍ വീട്ടിലെത്തുമെന്ന് ഉറപ്പിച്ച ശേഷം ഇതിനായി കൊലപ്പെടുത്താന്‍ എല്ലാം തയ്യാറാക്കിവെച്ചിരുന്നു. അമ്മയ്‌ക്കോ മറ്റോ വാങ്ങിച്ചുവെച്ച എന്തോ കഷായപ്പൊടിയിലാണ് കാപ്പിക് ചേര്‍ത്ത് കൊടുത്തതെന്നും സഹോദരന്‍ പറഞ്ഞു.

എന്ത് വിഷമാണ് കൊടുത്തതെന്ന് നേരത്തെ വ്യക്തമായിരുന്നുവെങ്കില്‍ ഒരുപക്ഷെ രക്ഷപ്പെടുത്താമായിരുന്നു. പക്ഷെ 14-ന് വിഷം ഉള്ളില്‍ചെന്ന ഷാരോണ്‍ 22-ന് മാത്രമാണ് ഐ.സി.യുവില്‍വെച്ച് കാര്യങ്ങള്‍ പറയുന്നത്. അപ്പോഴേക്കും എട്ട് ദിവമായിരുന്നു. ശരീരത്തില്‍നിന്ന് വിഷത്തിന്റെ അംശം പോയതിന് പുറമെ മൂന്ന് ഡയാലിസിസും പൂര്‍ത്തിയായിരുന്നു. ഇതാണ് പ്രധാന വെല്ലുവിളിയായത്. പക്ഷെ, ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളുമെല്ലാം ആവശ്യത്തിന് ലഭിച്ചതോടെ ഗ്രീഷ്മയുടെ ക്രിമിനല്‍ബുദ്ധി പുറത്താവുകയായിരുന്നുവെന്നും ഷിമോണ്‍ പറഞ്ഞു. ഇക്കാര്യം കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.

2022 ഒക്ടോബര്‍ 14 -ന് ആയിരുന്നു പാറശ്ശാല മുര്യങ്കര ജെ.പി ഹൗസില്‍ ജെ.പി ഷാരോണ്‍ രാജ്(23) നെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകി ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കുടിക്കാന്‍ നല്‍കിയത്.  ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ഷാരോണ്‍ ഒക്ടോബര്‍ 22- ന് മരിക്കുകയും ചെയ്തു.


 

facebook twitter