എല്ലാത്തിനും പരിമിതി കണ്ടെത്തുന്ന ആളുകളുടെ ഒരു സമൂഹത്തിൽ സാഹചര്യം സൃഷ്ടിച്ച പരിമിതിയെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് അതിജീവിച്ചിരിക്കുകയാണ് ഒരു പെൺകുട്ടി . ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ അപകടത്തിൽ വലം കൈ നഷ്ടപ്പെട്ട പാര്‍വതി 282ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് നേടിയെടുത്തത്. സ്വപനങ്ങളെയും മനോധൈര്യത്തേയും തന്‍റെ ഇടത് കൈയ്യിൽ മുറുക്കിപ്പിടിച്ചുള്ള പോരാട്ടത്തിനൊടുവിൽ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ .
അമ്പലപ്പുഴ സ്വദേശിനിയായ പാര്‍വതി 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാര്‍വതി. ഏഴാ ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തില്‍ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാന്‍ പോകുമ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ട് പാര്‍വതിയുടെ വലതുകൈ അറ്റത്.
മുട്ടിനു താഴെ വെച്ച് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടര്‍ന്ന്, കൃത്രിമക്കൈയുടെ സഹായത്തോടെയാണ് പിന്നീട് പഠനം തുടര്‍ന്നത്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് നിരാശപ്പെടാതെ ഇടതുകൈ കൊണ്ട് എഴുതാനും മറ്റും പഠിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിച്ച പാര്‍വതി, ബംഗളൂരു നാഷണല്‍ ലോ സ്‌കൂളില്‍നിന്നാണ് 2021ല്‍ നിയമബിരുദം നേടിയത്. ആലപ്പുഴ കലക്ടര്‍ എസ് സുഹാസ്, സബ് കലക്ടര്‍ കൃഷ്ണ തേജ എന്നിവരുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചതോടെയാണ് പാര്‍വതിക്ക് ഐഎഎസ് മോഹം പൂവിട്ടത്.
സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ മലയാളികൾക്കാകെ പ്രചോദനമായിരുന്നു അമ്പലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം. രണ്ടാം ശ്രമത്തില്‍ ഐഎഎസ് പാര്‍വതിയുടെ വരുതിയിലാക്കി . മസൂറിയിലെ പരീശീലനം പൂര്‍ത്തിയാക്കിയ പാര്‍വതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്. പാര്‍വതി ചുമതലയേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങളും കലക്ടറേറ്റില്‍ എത്തിയിരുന്നു. അച്ഛന്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി ചെയ്യുന്ന ആലപ്പുഴ കലക്ടറേറ്റില്‍അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മാതൃജില്ല ലഭിക്കില്ലല്ലോ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ആനുകാലികങ്ങളില്‍ ചില ചെറുകഥകളും എഴുതിയിട്ടുണ്ട്.