വടക്കാഞ്ചേരി: നിറയെ യാത്രക്കാരുള്ള ബസില്‍ കുഴഞ്ഞുവീണ ആ മനുഷ്യനെ താങ്ങി ഓട്ടോയില്‍ ആശുപത്രിയിലേക്ക് അവന്‍ പാഞ്ഞു. ജീവന്റെ വില, അതുമാത്രമായിരുന്നു മുഹമ്മദ് അസ്ലം എന്ന 22-കാരന്റെ മനസ്സില്‍.ഫെബ്രുവരി 25 നാണ് സംഭവം. പൂരത്തിന് പോകാന്‍ അസ്ലം ഉച്ചയ്‌ക്കേ കോളേജില്‍ നിന്നിറങ്ങി. തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍നിന്ന് തിരുവില്വാമല ബസില്‍ കയറി അല്പനേരം കഴിഞ്ഞപ്പോള്‍ തൊട്ടപ്പുറത്തെ സീറ്റിലിരുന്ന യാത്രക്കാരന്റെ കണ്ണട മുഖത്തുനിന്നു വീണു. ഉറങ്ങുകയാണെന്ന് തോന്നി. കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനെത്തിയപ്പോഴും പ്രതികരണമില്ല. അസ്ലം സംശയം കണ്ടക്ടറോട് പറഞ്ഞപ്പോള്‍ വിയ്യൂര്‍ പാലത്തിനു സമീപം ബസ് നിര്‍ത്തി. മൂന്നുനാലു പേര്‍ ചേര്‍ന്ന് ബസില്‍നിന്ന് അദ്ദേഹത്തെ ഇറക്കി ഓട്ടോയില്‍ കയറ്റി. ഓട്ടോയില്‍ അവരാരും കയറിയില്ല. അസ്ലം ഒറ്റയ്ക്ക് ആശുപത്രിയിലെത്തിച്ചു, അസ്ലമിന്റെ ഇടപെടലുണ്ടായിട്ടും നന്തിപുലം കുമരഞ്ചിറ മഠത്തില്‍ നാരായണ(63)ന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വടക്കാഞ്ചേരി മാരാത്തുകുന്നിലെ നടത്തറ വീട്ടില്‍ ഷാഹിറ - ഷെറീഫ് ദമ്പതിമാരുടെ രണ്ടാമത്തെ മകന്‍ മുഹമ്മദ് അസ്ലമിന്റെ മനസ്സ് വീട്ടുകാര്‍ക്ക് മാത്രമല്ല മാരാത്തുകുന്നെന്ന നാടിനും അഭിമാനമായി. ഡി.വൈ.എഫ്.ഐ.യുടെ മാരാത്തുകുന്ന് യൂണിറ്റ് സെക്രട്ടറിയായ അസ്ലം, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഫുഡ്‌ടെക്‌നോളജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്.
നാരായണന്റെ ബാഗ് അസ്ലം ആശുപത്രി അധികൃതര്‍ക്ക് കൈമാറിയിരുന്നു. ബാഗില്‍ പണവും എ.ടി.എം. കാര്‍ഡുകളും മറ്റു പ്രധാന രേഖകളും വിലാസവും ഫോണ്‍ നമ്പറുകളും ഉണ്ടായിരുന്നു. ആശുപത്രി അധികൃതര്‍ പോലീസ് സ്റ്റേഷന്‍ വഴി നമ്പറുകളില്‍ ബന്ധപ്പെട്ടു. തൃശ്ശൂരിലെ ബാങ്ക് ഉദ്യോഗസ്ഥനായ ബന്ധു ആശുപത്രിയിലെത്തിയ ശേഷമാണ് അസ്ലം പേരും ഫോണ്‍ നമ്പറും നല്‍കി മടങ്ങിയത്.