ബെലീസിൽ ചെറു യാത്രാ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അമേരിക്കൻ സൈനികനെ യാത്രക്കാരൻ വെടിവച്ചു കൊന്നു. വിമാനത്തിൽ 14 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു.
സാൻ പെഡ്രോയിലേക്ക് പോവുകയായിരുന്ന വിമാനത്തിനുള്ളിൽ 49 കാരനായ അകിന്യേല ടെയ്‌ലർ കത്തി ഉപയോഗിച്ച് ആളുകളെ ആക്രമിക്കാൻ തുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച ഫിലിപ്പ് എസ്‌ഡബ്ല്യു ഗോൾഡ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെലീസ് പോലീസ് കമ്മീഷണർ ചെസ്റ്റർ വില്യംസിന്റെ റിപ്പോർട്ട് പ്രകാരം ടെയ്‌ലർ വിമാനത്തിലെ രണ്ട് യാത്രക്കാരെയും ഒരു പൈലറ്റിനെയും കുത്തി.
തോക്ക് കൈവശം വയ്ക്കാൻ ലൈസൻസുള്ള ഒരു യാത്രക്കാരനാണ് ടെയ്‌ലറെ വെടിവച്ചതെന്നും പിന്നീട് അയാൾ അത് പോലീസിന് കൈമാറിയെന്നും വില്യംസ് പറഞ്ഞു. കുത്തേറ്റവരിൽ യാത്രക്കാരനും ഉൾപ്പെടുന്നു, പുറകിലും ശ്വാസകോശത്തിലും കുത്തേറ്റതിനാൽ കുത്തേറ്റയാളുടെ നില ഗുരുതരമായി തുടരുകയാണ്.
സൈനികൻ വിമാനം റാഞ്ചാൻ ശ്രമിക്കുന്നതിനിടയിൽ, വിമാനം വിമാനത്താവളത്തിന് ചുറ്റും ക്രമരഹിതമായി വട്ടമിട്ടു പറക്കുകയായിരുന്നുവെന്നും തുടർന്ന് വിമാനത്തിന്റെ ഇന്ധനം തീർന്നുപോയത് വലിയ രീതിയിൽ ആശങ്ക ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
Aslo Read : ‘എല്ലാ ഇസ്രയേലി ബന്ദികളെയും വിട്ടയക്കാൻ റെഡിയെന്ന് ഹമാസ്! പക്ഷെ ഒരു നിബന്ധനയുണ്ട്…
എന്നിരുന്നാലും, സംഭവത്തിന് ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, ടെയ്‌ലറെ വെടിവച്ച യാത്രക്കാരനെ “ഹീറോ” ആയാണ് യാത്രക്കാർ പ്രശംസിച്ചത്. പരിക്കേറ്റ വ്യക്തിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും മരിച്ച വ്യക്തിയെ കൊണ്ടുപോകുന്നതിനും അടിയന്തര സേവനം ഉപയോഗപ്പെടുത്തി.
വിമാനം റാഞ്ചിയ അമേരിക്കൻ സൈനികൻ ടെയ്‌ലർ, തന്നെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഒരു ഘട്ടത്തിൽ ഇന്ധനം നിറയ്ക്കാൻ വിമാനം ലാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വില്യംസ് പറഞ്ഞു. ടെയ്‌ലർ തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകണമെന്ന് നിർബന്ധിച്ചതായി ബെലീസിലെ അമേരിക്കൻ എംബസി വക്താവ് ലൂക്ക് മാർട്ടിൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് നിർണ്ണയിക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥർ ഇപ്പോഴും ബെലീസിയൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ബെലീസ് എയർപോർട്ട് കൺസെഷൻ കമ്പനി പ്രകാരം എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ടെയ്‌ലർ എങ്ങനെയാണ് അകത്തുകടന്നതെന്ന് നിയമപാലകർക്ക് ഇതുവരെ വ്യക്തമല്ല.