ട്രെയിനിലെ എസി കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാരുടെ പരാതി ; എസിയുടെ ഡക്ടില്‍ കണ്ടെത്തിയത് നൂറോളം മദ്യകുപ്പികള്‍

07:12 AM Aug 15, 2025 | Suchithra Sivadas

ട്രെയിനിലെ എസി കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാരുടെ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി. പരിശോധനയില്‍ എസിയുടെ ഡക്ടില്‍ നൂറോളം മദ്യക്കുപ്പികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ബിഹാറില്‍ നിന്നാണ് ട്രെയിനില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ലഖ്‌നൗ-ബറൗണി എക്‌സ്പ്രസിലെ എസി-2 ടയര്‍ കോച്ചിന്റെ എസിയില്‍ നിന്നാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി നിര്‍ത്തി. ടെക്നീഷ്യന്‍മാര്‍ എത്തി 32, 34 നമ്പര്‍ ബെര്‍ത്തുകള്‍ക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ചപ്പോഴാണ് വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തില്‍, പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുപ്പികള്‍ കണ്ടെടുത്തത്. 

യാത്രക്കാരന്‍ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.