+

ജനറല്‍ ടിക്കറ്റ് എടുക്കുന്നവര്‍ ഇനി ട്രെയിനില്‍ ഓടിക്കയേറണ്ടിവരുമോ?, പ്ലാറ്റ്‌ഫോമില്‍ പ്രവേശനമില്ല, ഇപ്പോള്‍ത്തന്നെ തിക്കുംതിരക്കും, പുതിയ തീരുമാനത്തില്‍ ആശങ്കയുമായി യാത്രക്കാര്‍

ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരുടെ തിക്കുംതിരക്കും കാരണം ഒട്ടേറെപ്പേര്‍ മരിക്കാനിടയായതോടെ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് റെയില്‍വെ.

കൊച്ചി: ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരുടെ തിക്കുംതിരക്കും കാരണം ഒട്ടേറെപ്പേര്‍ മരിക്കാനിടയായതോടെ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് റെയില്‍വെ. കണ്‍ഫേമായ ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഇനി മുതല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശനം അനുവദിക്കൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. സ്‌റ്റേഷനിലെ തിരക്ക് കുറക്കുകയാണ് ലക്ഷ്യം.

രാജ്യത്തുടനീളമുള്ള 60 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പുതിയ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പലപ്പോഴും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് അവധി ദിവസങ്ങളിലും ഉത്സവ വേളകളിലും. ബന്ധുക്കളെ ഡ്രോപ്പ് ചെയ്യാനോ സ്വീകരിക്കാനോ ധാരാളം ആളുകള്‍ ഇവിടെ എത്തുന്നു. അനാവശ്യമായ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും പുതിയ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ (ഡല്‍ഹി), ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (മുംബൈ), ഹൗറ ജംഗ്ഷന്‍ (കൊല്‍ക്കത്ത), ചെന്നൈ സെന്‍ട്രല്‍ (ചെന്നൈ), ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍ (ബെംഗളൂരു) എന്നിവയുള്‍പ്പെടെ ഏറ്റവും തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളില്‍ ഈ നിയന്ത്രണം നടപ്പിലാക്കും.

പുതിയ തീരുമാനം താല്‍ക്കാലിക അസൗകര്യം ഉണ്ടാക്കിയേക്കാം. പക്ഷേ, ഇത് ആത്യന്തികമായി യാത്രാനുഭവം മെച്ചപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് സ്ഥിരീകരിച്ച റിസര്‍വേഷന്‍ ഉറപ്പാക്കാനുമാണ് റെയില്‍വേയുടെ നിര്‍ദ്ദേശം.

തിരക്കേറിയ സീസണുകളില്‍ മാറ്റം വളരെ നിര്‍ണായകമാണ്. കാരണം, ടിക്കറ്റ് ഉള്ള യാത്രക്കാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് പ്ലാറ്റ്ഫോം തിരക്ക് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

പുതിയ തീരുമാനത്തില്‍ ഒട്ടേറെ സംശയങ്ങളുമായി യാത്രക്കാരെത്തി. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മാത്രം പ്രവേശനം എന്നത് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ബാധകമാകുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെയല്ലെങ്കില്‍ ട്രെയിന്‍ വരുമ്പോള്‍ പ്ലാറ്റ്‌ഫോമിന് പുറത്ത് തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. മാത്രമല്ല, ലഗേജുമായി വരുന്ന സഹായികള്‍ക്ക് പ്ലാറ്റ്‌ഫോമില്‍ കയറാനായില്ലെങ്കില്‍ അതും ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം, ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരുടെ എണ്ണം കുറയുമെന്ന നേട്ടവും ഇതിനുണ്ടാകും.

 

facebook twitter