പത്തനംതിട്ട : മകരവിളക്ക്കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്.ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.കാഴ്ചയിടങ്ങളില്‍ തദ്ദേശ, പൊതുമരാമത്ത്, എന്‍എച്ച് വകുപ്പുകളുടെ നേതൃത്വത്തില്‍ ബാരിക്കേടുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍, തെരുവ്‌വിളക്കുകള്‍ എന്നിവയും ക്രമീകരിക്കും. പമ്പ ഹില്‍ ടോപ്പില്‍ ജലഅതോറിറ്റി കുടിവെള്ളം ലഭ്യമാക്കും.
എല്ലാ കാഴ്ചയിടങ്ങളിലും ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമുള്ള ഇടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍, ശബരിമല എ ഡി എം ഡോ. അരുണ്‍ എസ്. നായര്‍, ഡി. എം. ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.