ഉപയോഗിച്ച വെള്ളരിയുടെ തൊലി കളയേണ്ട; ഒരുപാടുണ്ട് പ്രയോജനങ്ങൾ

04:30 PM Apr 22, 2025 | Kavya Ramachandran

 വെള്ളരിയുടെ തൊലിയിൽ  നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് പരിസ്ഥിതി സൗഹൃദമായ രീതിയിൽ പുനരുപയോഗിക്കാൻ സാധിക്കും.


ഉപയോഗം കഴിഞ്ഞ വെള്ളരിയുടെ തൊലി നിങ്ങൾ ഇനി കളയരുത്. നിരവധി ഗുണങ്ങൾ വെള്ളരിയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് പരിസ്ഥിതി സൗഹൃദമായ രീതിയിൽ പുനരുപയോഗിക്കാൻ സാധിക്കും. 

പ്രതലങ്ങൾ വൃത്തിയാക്കാം 

വെള്ളരിയുടെ തോൽ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ അടുക്കള വൃത്തിയാക്കാൻ സാധിക്കും. കറപുരണ്ട ഗ്യാസ് സ്റ്റൗ, സ്റ്റീൽ പ്രതലങ്ങൾ, പൈപ്പുകൾ എന്നിവ വൃത്തിയാക്കാൻ വെള്ളരിയുടെ തൊലി ഉപയോഗിക്കാവുന്നതാണ്.  

ഫേസ് മാസ്കായി ഉപയോഗിക്കാം 

വെള്ളരിയുടെ തൊലി ചർമ്മത്തെ മൃദുലമാക്കുകയും ഹൈഡ്രേറ്റ് ആക്കി വയ്ക്കാനും സഹായിക്കുന്നു. തൈര് അല്ലെങ്കിൽ അലോ വേരയോടോപ്പം ചേർത്ത് 10 മിനിട്ടോളം മുഖത്ത് തേച്ചുപിടിപ്പിച്ചാൽ നിങ്ങൾക്ക് തിളങ്ങുന്ന ചർമ്മം ലഭിക്കും. 

ഡീറ്റോക്സ് വാട്ടർ ഉണ്ടാക്കാം 

ഒരു കപ്പ് വെള്ളത്തിൽ വെള്ളരിയുടെ തൊലി ഇട്ടാൽ ഡീറ്റോക്സ് വെള്ളം തയ്യാറാക്കാൻ സാധിക്കും. വേനൽക്കാലത്ത് ഡീറ്റോക്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് എപ്പോഴും നിങ്ങളെ ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കുന്നു. 

പ്രകൃതിദത്ത കീടനാശിനിയായും ഉപയോഗിക്കാം

വെള്ളരിയുടെ തൊലി പ്രകൃതിദത്ത കീടനാശിനിയായും ഉപയോഗിക്കാൻ സാധിക്കും. അടുക്കളയുടെ മൂലകളിളും ചെടികളിലുമൊക്കെ വെക്കുകയാണെങ്കിൽ ഏത് കീടങ്ങളെയും പമ്പകടത്താൻ വെള്ളരിയുടെ തോൽ ധാരാളമാണ്. രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ കീടങ്ങളെ അകറ്റാൻ സാധിക്കും. കൂടാതെ ഇത് വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. 

ഗാർഡൻ കമ്പോസ്റ്റ് ആക്കാം

നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ് വെള്ളരി. അതിനാൽ തന്നെ വെള്ളരിയുടെ തൊലി ചെടികൾക്ക് വളരാൻ നല്ലൊരു വളമാണ്. മറ്റ് രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ ചെടികളെ വളരാൻ സഹായിക്കുന്നതുകൊണ്ട് തന്നെ ബാക്കി വന്ന വെള്ളരിയുടെ തൊലി ഗാർഡൻ കമ്പോസ്റ്റാക്കി ഉപയോഗിക്കാവുന്നതാണ്.