ഒരു ചെറിയ ബൗൾ കശുവണ്ടി (75 ഗ്രാം) കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ചെറിയ തോതിൽ മാത്രമേ വർധിപ്പിക്കൂവെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
75 ഗ്രാം കശുവണ്ടിയിൽ ഏകദേശം 20 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കും. അതിൽ 3 ഗ്രാം ഡയറ്ററി ഫൈബറുകളാണ്, മൊത്തം കാർബോഹൈഡ്രേറ്റ് ഉള്ളടക്കം 17 ഗ്രാം ആണ്. എന്നാൽ, 75 ഗ്രാം കശുവണ്ടിയുടെ കലോറിഫിക് മൂല്യം 440 കിലോകലോറിയാണെന്ന് ഗോയൽ പറഞ്ഞു. ഇതിനർത്ഥം കാർബോഹൈഡ്രേറ്റുകൾ ഈ ഉയർന്ന കലോറി മൂല്യത്തിന് ഉത്തരവാദികളല്ല എന്നാണ്.
ബ്രെഡ്, പാസ്ത മുതലായ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ അളവിൽ മാത്രമേ ഉയർത്തുന്നുള്ളൂ. "കശുവണ്ടിക്ക് കുറഞ്ഞ ജിഐ ആണുള്ളത്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉള്ളടക്കം കശുവണ്ടിപ്പരിപ്പിനെ കുറഞ്ഞ ഗ്ലൈസെമിക് ലോഡ് (GL) വിഭാഗത്തിൽ പെടുത്തുന്നു," ഗോയൽ പറഞ്ഞു.
ഗോയലിന്റെ അഭിപ്രായത്തിൽ, കുറഞ്ഞ GI ഉം GL ഉം പ്രമേഹരോഗികൾക്ക് കശുവണ്ടി നല്ലൊരു ഓപ്ഷനാക്കി മാറ്റുന്നു. കശുവണ്ടിപ്പരിപ്പിൽ ഉയർന്ന അളവിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട് (യഥാക്രമം 14 ഗ്രാം, 34 ഗ്രാം). "ദഹനത്തെ മന്ദഗതിയിലാക്കുകയും സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നതിനാൽ ഈ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ചെയ്യുന്നതിന് മികച്ചതാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റ്-കൊഴുപ്പ് അനുപാതം പ്രമേഹരോഗികളിൽ ഉപാപചയ നിയന്ത്രണത്തിന് ഇതിനെ മികച്ചൊരു ഓപ്ഷനാക്കി മാറ്റുന്നു," ഗോയൽ പറഞ്ഞു.