വടിവേലുവും ഫഹദ് ഫാസിലും മാരീശനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചുവെന്ന് സംവിധായകൻ ശങ്കർ. സംവിധായകനും തിരക്കഥാകൃത്തും അവരുടെ ജോലികൾ ഭംഗിയായി ചെയ്തുവെന്നും നിർമാതാവ് ആർ ബി ചൗധരിക്ക് സല്യൂട്ട് എന്നും ഫേസ്ബുക്കിൽ കുറിച്ചു.
'മാരീശൻ കണ്ടു…കൊള്ളാവുന്ന ഫസ്റ്റ് ഹാഫും അപ്രതീക്ഷിതമായ ഗംഭീര സെക്കന്റ് ഹാഫും. വടിവേലുവിന്റെ വളരെ മികച്ച അഭിനയം…എന്തൊരു നടനാണ് അദ്ദേഹം. ഫഹദ് ഫാസിൽ മറ്റൊരു അഭിനന്ദനീയമായ പ്രകടനം നൽകി. സംവിധായകനും തിരക്കഥാകൃത്തും വരുടെ ജോലി നന്നായി ചെയ്തു. തുടരെ ഗംഭീര സ്ക്രിപ്റ്റുകൾ എടുത്ത് നിർമിക്കുന്നതിൽ ആർ ബി ചൗധരിക്ക് ഒരു സല്യൂട്ട്', ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ജൂലൈ 25ന് തിയേറ്ററുകളിലെത്തിയ സിനിമ മികച്ച പ്രതികരണമാണ് നേടിയത്. വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും മത്സരിച്ചുള്ള അഭിനയം ആയിരുന്നു ചിത്രത്തിൽ. മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശൻ സംവിധാനം ചെയ്തത്. യുവൻ ശങ്കർ രാജയാണ് മാരീസന് സംഗീതം ഒരുക്കിയത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചു.