ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ. ഓഗസ്റ്റ് 4 മുതൽ 8 വരെയാകും അദ്ദേഹം ഇന്ത്യ സന്ദർശിക്കുക. 2022-ൽ അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച, രാഷ്ട്രപതി മുർമുവിനെയും വിദേശകാര്യമന്ത്രി ജയ്ശങ്കറിനെയും സന്ദർശിക്കൽ എന്നിവയും സന്ദർശനത്തിൽ ഉൾപ്പെടും.
കൂടാതെ സന്ദർശനത്തിൽ കാബിനറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രതിനിധികളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-ഫിലിപ്പീൻസ് നയതന്ത്ര ബന്ധത്തിന് 75 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് സന്ദർശനം. വ്യാപാരം, സംരക്ഷണം, സാങ്കേതികം, ആരോഗ്യ മേഖലയിലൊക്കെ സഹകരണം വളരുകയാണ്. കൂടാതെ അടുത്തിടെ ഫിലിപ്പീൻസ് ഇന്ത്യക്ക് 14 ദിവസത്തേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചതോടെ യാത്രാ താത്പര്യം 28% വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്.