കുറുമശ്ശേരി: മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ സന്ധ്യക്ക് കോലഞ്ചേരിയിലെ ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് അമ്മ അല്ലി ഷാജി പറഞ്ഞു .
''2013-ലാണ് സുഭാഷുമായുള്ള വിവാഹം നടന്നത്. ആദ്യകാലത്ത് നല്ല സമീപനമായിരുന്നെങ്കിലും പിന്നീട് ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും സന്ധ്യയെ മാനസികമായി പീഡിപ്പിച്ചു തുടങ്ങി. ഇതുമൂലം അവള്‍ മാനസിക സമ്മര്‍ദത്തിലാണ് അവിടെ ജീവിച്ചിരുന്നത്. എല്ലാത്തിനും കുറ്റപ്പെടുത്തി സന്ധ്യയെ മാനസികമായി തളര്‍ത്തി. ശാരീരികമായും ഉപദ്രവിച്ചിരുന്നു'' - അല്ലി പറഞ്ഞു
ഭര്‍തൃവീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിഷുവിനു മുന്‍പ് ഒന്നര മാസത്തോളം സന്ധ്യ കുറുമശ്ശേരിയിലെ വീട്ടില്‍ വന്നുനിന്നിരുന്നു. വിഷുവിനാണ് മടങ്ങിയത്. ഇതിനിടെ സന്ധ്യക്ക് മാനസികമായി തകരാറുണ്ടോ എന്ന് പരിശോധിപ്പിക്കണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു.
അങ്കമാലിയിലെ ആശുപത്രിയില്‍ പരിശോധനയും നടത്തി. സന്ധ്യക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഭര്‍തൃവീട്ടില്‍ മടങ്ങിച്ചെന്ന ശേഷവും തന്നെ പീഡിപ്പിക്കുകയാണെന്ന് സന്ധ്യ മൂത്ത സഹോദരി സൗമ്യയെ വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസിന്റെ വനിതാ ഹെല്‍പ് ലൈനില്‍ സൗമ്യ പരാതിയും നല്‍കിയിരുന്നു.
ഭര്‍തൃവീട്ടില്‍ സന്ധ്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അമ്മ അല്ലി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ സുഭാഷ് വിളിച്ചു പറഞ്ഞപ്പോഴാണ് കുട്ടിയെയും കൊണ്ട് സന്ധ്യ പോന്നിട്ടുണ്ടെന്ന് അറിഞ്ഞതെന്ന് അല്ലി പറഞ്ഞു. രാത്രി 7-നാണ് ഓട്ടോയില്‍ വീട്ടിലെത്തിയത്. കുട്ടി കൂടെയില്ലായിരുന്നു. ചോദിച്ചപ്പോള്‍ കുട്ടിയെ ആലുവയില്‍ ബസില്‍ വെച്ച് കാണാതായെന്നാണ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ കാണാനില്ലെന്നു കാണിച്ച് ചെങ്ങമനാട് സ്റ്റേഷനില്‍ പരാതി നല്‍കി.