
പാരീസ്: പാരീസ് മേഖലയിലെ നിരവധി മുസ്ലിം പള്ളികൾക്ക് പുറത്ത് പന്നിത്തലകൾ കണ്ടെത്തിയതായി നഗരത്തിലെ പൊലീസ് മേധാവി പറഞ്ഞു. ഒമ്പത് പള്ളികൾക്ക് മുന്നിലാണ് പന്നിത്തലകൾ കണ്ടെത്തിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ചില പള്ളികൾക്ക് മുന്നിൽ പന്നികളുടെ തലകൾ ഉപേക്ഷിച്ചിട്ടുണ്ട്.
നാലെണ്ണം പാരീസിലെയും അഞ്ചെണ്ണം ഉൾപ്രദേശങ്ങളിലെയും പള്ളികൾക്ക് മുന്നിലാണ് കണ്ടെത്തിയതെന്ന് പൊലീസ് മേധാവി ലോറന്റ് നുനെസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ടെത്തിയ പല പന്നിത്തലകളിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കുടുംബപ്പേര് നീല മഷിയിൽ എഴുതിയിരുന്നതായി പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് എഎഫ്‌പിയോട് പറഞ്ഞു.
വംശീയമോ മതപരമോ ആയ വിവേചനം മൂലം വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രവൃത്തികളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിന്ദ്യമായ പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാം മതവിശ്വാസ പ്രകാരം പന്നിയിറച്ചി നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുസ്ലീം സമൂഹവും, ഇസ്രായേലിനും അമേരിക്കയ്ക്കും പുറത്തുള്ള ഏറ്റവും വലിയ ജൂത ജനസംഖ്യയും ഫ്രാൻസിലാണ്.
2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മുസ്ലീം വിരുദ്ധ വിദ്വേഷവും ജൂതവിരുദ്ധതയും വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ഫണ്ടമെന്റൽ റൈറ്റ്സ് പറയുന്നു. 2025 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഫ്രാൻസിലെ മുസ്ലീം വിരുദ്ധ സംഭവങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് 75 ശതമാനം വർദ്ധിച്ചതായും വ്യക്തികൾക്കെതിരായ ആക്രമണങ്ങൾ മൂന്നിരട്ടിയായതായും ആഭ്യന്തര മന്ത്രാലയം ജൂലൈയിൽ അറിയിച്ചു.
പാരീസിന് ചുറ്റുമുള്ള സംഭവങ്ങളെ രാഷ്ട്രീയ, സമുദായ നേതാക്കൾ അപലപിച്ചു. സംഭവത്തിന് ശേഷം തലസ്ഥാനത്തെ മുസ്ലീം സമുദായ പ്രതിനിധികളുമായി മാക്രോൺ കൂടിക്കാഴ്ച നടത്തുകയും പിന്തുണ അറിയിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് എഎഫ്‌പിയോട് പറഞ്ഞു. വംശീയ പ്രവൃത്തികളെ അപലപിച്ച് നഗരം നിയമനടപടി സ്വീകരിച്ചതായി പാരീസ് മേയർ ആനി ഹിഡാൽഗോ പറഞ്ഞു.