കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് മുതിർന്ന നേതാവ് പി കെ ശ്രീമതി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി കെ ശ്രീമതി വിലക്ക് വാർത്ത നിഷേധിച്ചത്. വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും, പിൻവലിക്കണമെന്നും പി കെ ശ്രീമതി കുറിപ്പിൽ വ്യക്തമാക്കി.
ഈ മാസം 19 ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ പി കെ ശ്രീമതിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്നായിരുന്നു ഒരു പ്രമുഖ ചാനൽ നൽകിയ വാർത്തയിൽ പറയുന്നത്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്. അതിനാൽ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിൽ കേരളത്തിലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നും പി.കെ. ശ്രീമതി യോട് മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.
പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരുമായി സംസാരിച്ചപ്പോൾ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോയെന്ന് പികെ ശ്രീമതി ചോദിച്ചതായും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ 25 ന് വെള്ളിയാഴ്ച്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തില്ല.
മധുര പാർട്ടി കോൺഗ്രസാണ് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ശ്രീമതിക്കും, മുഹമ്മദ് യൂസഫ് തരിഗാമിക്കും പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്. എന്നാൽ സംഭവം വിവാദമായതിനെ തുടർന്നാണ് പി.കെ ശ്രീമതി തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചാനൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് രംഗത്തുവന്നത്.