തിരുവനന്തപുരം: ദിവ്യ എസ് അയ്യർക്കെതിരായി ഉയരുന്ന അധിക്ഷേപങ്ങൾ അപക്വമായ മനസുകളുടെ ജൽപ്പനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യ എസ് അയ്യർ സർക്കാർ ലെവലിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയാണ്. അവർ അവർക്ക് തോന്നിയ കാര്യമാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ദിവ്യക്കെതിരായ അധിക്ഷേപങ്ങൾ പുരുഷാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഭർത്താവിന്റെ രാഷ്ട്രീയത്തിന് അനുസരിച്ച് ദിവ്യയും സംസാരിക്കണമെന്ന ചിന്തയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യ അവർക്ക് തോന്നുന്ന കാര്യം പറഞ്ഞതിനെ ഭർത്താവിന്റെ രാഷ്ട്രീയം മാത്രം നോക്കി കുറ്റം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് തന്നെ കുറിച്ച് ദിവ്യ എസ് അയ്യർ പറഞ്ഞതിനെതിരെ നടന്നതും സമാനമായ പുരുഷാധിപത്യ ചിന്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.