മനു തോമസ് വിഷയത്തിൽ പി.ജയരാജനെതിരെയുള്ള നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും; പിണറായി വിജയൻ

10:32 AM Feb 03, 2025 | Litty Peter

കണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പി.ജയരാജനെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് വ്യക്തമായ സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പിൽ നടന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് മനു തോമസ് വിഷയം പൊതു ചർച്ചയിൽ ചില പ്രതിനിധികൾ ഉന്നയിച്ചത്. 

ഗുരുതരമായ സംഘടനാ പ്രവർത്തന വീഴ്ച്ച വരുത്തിയ മനു തോമസിനെ തക്ക സമയത്ത് ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും പുറത്താക്കാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതു ഗുരുതരമായ വീഴ്ച്ചയാണ്. പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോകാനും മാധ്യമങ്ങളിൽ വീര പരിവേഷത്തോടെ നിറഞ്ഞുനിൽക്കാനും മനു തോമസിനെ ഇതും സഹായിച്ചു. ഇതിനിടെയിൽ മനു തോമസിനെ വിമർശിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് വിഷയം സങ്കീർണ്ണമാക്കി. 

ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നകിയിട്ടുണ്ട്. പി.ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമായതിനാലാണ് ജില്ലാ കമ്മിറ്റി നേരത്തെ പരിശോധനയ്ക്ക് കത്തുനൽകിയത്. ഇതിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിലിൽ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പി.ജയരാജനെതിരെ അച്ചടക്കനടപടി വരുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന സൂചന. 

ഇതേ സമയം മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം പി.പി ദിവ്യയെ തള്ളിപ്പറഞ്ഞും അതേ സമയം പിന്തുണച്ചുമാണ് മുഖ്യമന്ത്രി ദിവ്യയ്ക്കെതിരെയുള്ള വിമർശനങ്ങളിൽ മറുപടി പറഞ്ഞത്. ദിവ്യയ്ക്ക് കാലിടറിയതു കൊണ്ടാണ് പാർട്ടി നടപടിയെടുത്തത്. കാലിടറുന്ന ഏതു സഖാവിനെതിരെയും അച്ചടക്കനടപടിയെടുക്കുന്നത് സ്വാഭാവികമാണ്. അതു ഒരാളെ ഇല്ലാതാക്കാനല്ല, തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയാണ്. ഇത്തരം സഖാക്കൾ തെറ്റുതിരുത്തി സംഘടന ഘടകങ്ങളിൽ സജീവമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
എ.ഡി.എമ്മിൻ്റെ മരണത്തിന് മുൻപുള്ള യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ പ്രസംഗിച്ച ശൈലി ശരിയായില്ല. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട ഔചിത്യവും ജാഗ്രതയും ദിവ്യ കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പാളിയത് പരാജയത്തിന് കാരണമായെന്ന ചില അംഗങ്ങളുടെ ആരോപണവും മുഖ്യമന്ത്രി ഖണ്ഡിച്ചു. ആരാണ് മോശം സ്ഥാനാർത്ഥിയെന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘടനാ രംഗത്ത് നിൽക്കുന്നവരെ സ്ഥാനാർത്ഥിയാക്കിയത് കണ്ണൂരിൽ ഉൾപ്പെടെ തോൽവിക്ക് കാരണമായെന്നായിരുന്നു പ്രതിനിധി സമ്മേളനത്തിൽ ഉയർന്ന വിമർശനം. വിജയം ഉറപ്പിച്ച കാസർകോട് മണ്ഡലത്തിൽ പോലും തോൽക്കാൻ ഇതു കാരണമായെന്നും ചിലർ വിമർശിച്ചു. 

എന്നാൽ ബാലകൃഷ്ണൻ മാസ്റ്ററോ ജയരാജനോ ടീച്ചറമ്മയോ മോശം സ്ഥാനാർത്ഥിയായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വടകര സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ ശൈലജയെ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചത് പ്രതിനിധികളിൽ ചിരി പരത്തി.