ജനമൈത്രി പോലീസിനെ പിണറായി വിജയന്‍ കൊലമൈത്രി പോലീസാക്കി: കെസി വേണുഗോപാല്‍ എംപി

11:48 PM Sep 07, 2025 |


ജനമൈത്രി പോലീസിനെ പിണറായി വിജയന്‍  കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തിന് വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് പ്രശ്‌നം തീരില്ല.ഈ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിക്ക് അല്‍പ്പമെങ്കിലും കരുണ ഉണ്ടെങ്കില്‍ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം.  ഇതില്‍ സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് അറിയണം.വി.എസ്.സുജിത്ത് നമ്മുടെ നാട്ടില്‍ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ്. പോലീസിനെ നരനായാട്ടിന്റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക. ഇത്രയേറെ മൃഗീയ സംഭവം പുറത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗരും അത് തുടരട്ടെയെന്ന് മൗനാനുവാദം നല്‍കുകയാണ് മുഖ്യമന്ത്രി. 

കഴിഞ്ഞ 9 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്ന് കാട്ടിത്തന്ന സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത് നേരിട്ട ക്രൂരമര്‍ദ്ദനം. 2023 ല്‍ നടന്ന സംഭവം മൂടിവെയ്ക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിച്ചത്. സുജിത്തിന് മര്‍ദ്ദനം മേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തെ കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നു.എന്നിട്ടും പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. പകരം ഇവരുടെ ഇന്‍ക്രിമെന്റ് കട്ടുചെയ്യുകമാത്രമാണ് ചെയ്തത്.

മൃഗീയ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പേരിന് നടപടിയെടുത്ത് സംരക്ഷിച്ച ഉന്നത ഉദ്യോഗസ്ഥരും കുറ്റകൃത്യത്തില്‍ പങ്കാളികളായ പോലീസുകാരെപോലെ തുല്യ പ്രതികളാണ്. കീഴുദ്യോഗസ്ഥര്‍ മോശം പ്രവര്‍ത്തി ചെയ്താല്‍  നടപടിയെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണ്. അവരെ നിയന്ത്രിക്കേത് രാഷ്ട്രീയ മേധാവികളാണ്. അതിനാല്‍ ഈ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. സിപിഎമ്മിലെ ക്രിമിനലുകള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

കേസ് ഒതുക്കി തീര്‍ക്കാന്‍ പ്രലോഭനങ്ങളുണ്ടായിട്ടും അതിന് വഴങ്ങാതെ പോരാടിയ വര്‍ഗീസും സുജിത്തും രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിമാനമാണ്.  സുജിത്തിന്റെ കൂടെ കോണ്‍ഗ്രസുണ്ടാകും. സുജിത്തിന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് എഐസിസി സഹായം നല്‍കും.സുജിത്തിന്റെ നിയമ പോരാട്ടത്തിന് ഒപ്പം നിന്ന വര്‍ഗീസിന് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് സംസാരിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. വിഎസ് സുജിത്തിന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന കെസി വേണുഗോപാല്‍ സമ്മാനമായി ഒരു പവന്റെ സ്വര്‍ണ്ണ മോതിരവും സമ്മാനിച്ചാണ് മടങ്ങിയത്.