ഇന്ത്യക്ക് ഒരു രാജ്യവുമായും വ്യാപാര കരാറിൽ ഒപ്പിടാൻ തിടുക്കമില്ല, തോക്കിൻ മുനയിൽ വ്യാപാര കരാർ സാധ്യമാവില്ല : കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

04:00 PM Oct 25, 2025 | Neha Nair

ന്യൂഡൽഹി: ഇന്ത്യക്ക് ഒരു രാജ്യവുമായും വ്യാപാര കരാറിൽ ഒപ്പിടാൻ തിടുക്കമില്ലെന്നും തോക്കിൻ മുനയിൽ വ്യാപാര കരാർ സാധ്യമാവില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. വ്യാപാര കരാർ നിശ്ചിത സമയത്തിനകം സാധ്യമാക്കാൻ അമേരിക്ക സമ്മർദം ചെലുത്തുന്നതിനെയാണ് മന്ത്രി സൂചിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

ഇന്ത്യ വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കുന്നത് മറ്റൊരു രാജ്യത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ചല്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു. യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാര ചർച്ചകൾക്കായി ജർമനിയിൽ എത്തിയതാണ് അദ്ദേഹം. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യക്ക് മേൽ യു.എസ് അധിക തീരുവ ഏർപ്പെടുത്തിയത് ഇതിന്റെ പേരിലാണ്.

അതേസമയം, ഇന്ത്യ -യു.എസ് വ്യാപാര ചർച്ചയിൽ പുരോഗതിയുണ്ടെന്നും വൈകാതെ കരാർ യാഥാർഥ്യമാകുമെന്നും പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തർക്കങ്ങൾ ഏറക്കുറെ പരിഹരിച്ചതായും വ്യാപാര കരാർ യാഥാർഥ്യമാക്കുന്നതിന് അരികെയാണെന്നുമാണ് വാണിജ്യ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങൾ പറയുന്നത്.